മൂന്നുദിവസമായി മുപ്പത് മണിക്കൂറിലേറെ ഇ.ഡിക്ക് മുമ്പില്‍ രാഹുല്‍ ഗാന്ധി; പറയുന്നതെല്ലാം രേഖപ്പെടുത്തണം, ഉദ്യോഗസ്ഥര്‍ ഒപ്പിടണം: രാഹുൽ

  • Post category:Kerala / news
  • Reading time:1 min read
You are currently viewing മൂന്നുദിവസമായി മുപ്പത് മണിക്കൂറിലേറെ ഇ.ഡിക്ക് മുമ്പില്‍ രാഹുല്‍ ഗാന്ധി; പറയുന്നതെല്ലാം രേഖപ്പെടുത്തണം, ഉദ്യോഗസ്ഥര്‍ ഒപ്പിടണം: രാഹുൽ

ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ താന്‍ പറയുന്നതെല്ലാം രേഖപ്പെടുത്തണമെന്നും അതില്‍ ഉദ്യോഗസ്ഥന്‍ ഒപ്പിടണമെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുമ്പാകെ രാഹുല്‍ ഗാന്ധി നിര്‍ദേശിക്കുന്നതായി റിപ്പോര്‍ട്ട്. ഇ.ഡി റെക്കോര്‍ഡ് ചെയ്ത ഓരോ ഉത്തരവും പൂര്‍ണമായി കേട്ട ശേഷമാണ് അടുത്ത ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കുന്നത് എന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചോദ്യം ചെയ്യല്‍ നീണ്ടുപോകുന്നതിൻ്റെ കാരണവും ഇതാണെന്നാണ് സൂചന.

‘ഓരോ മൂന്നു മണിക്കൂറിന് ശേഷവും കോണ്‍ഗ്രസ് നേതാവ് തൻ്റെ മറുപടി 3-4 മണിക്കൂറെടുത്ത് പരിശോധിക്കുന്നുണ്ട്. തത്വത്തില്‍ ഞങ്ങള്‍ അദ്ദേഹത്തെ ആറുമണിക്കൂറേ ചോദ്യം ചെയ്തിട്ടുള്ളൂ.’ – ഒരു ഇ.ഡി ഉദ്യോഗസ്ഥന്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട രേഖകള്‍ മുഴുവന്‍ കാണണമെന്ന നിലപാടിലാണ് ഇ.ഡി ഏതാനും രേഖകള്‍ കൈമാറിയ രാഹുല്‍, ബാക്കിയുള്ളവ ഒരാഴ്ചയ്ക്കകം സമര്‍പ്പിക്കാമെന്ന് അറിയിച്ചിട്ടുണ്ട്. നാഷണല്‍ ഹെറാള്‍ഡുമായി യങ് ഇന്ത്യ ലിമിറ്റഡ് സാമ്പത്തിക ഇടപാടുകള്‍ നടത്തിയ കാലത്ത് താന്‍ അതിൻ്റെ ഡയറക്ടര്‍ പദവിയിലില്ലെന്ന് രാഹുല്‍ അറിയിച്ചു.

‘നിങ്ങള്‍ക്ക് ആവശ്യമുള്ള ഉത്തരങ്ങള്‍ എൻ്റെ വായില്‍ നിന്ന് വീഴില്ല’ എന്ന് രാഹുല്‍ ഉദ്യോഗസ്ഥരോട് പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. കോണ്‍ഗ്രസിൻ്റെ മുഖപത്രമായ നാഷണല്‍ ഹെറാള്‍ഡിൻ്റെ കടം വീട്ടാന്‍ കോണ്‍ഗ്രസ് പണം നല്‍കുന്നതില്‍ എന്താണ് തെറ്റെന്ന് അദ്ദേഹം ചോദിച്ചു.

മൂന്നു ദിവസമായി മുപ്പത് മണിക്കൂറിലേറെ സമയമെടുത്താണ് ഇ.ഡി രാഹുലിനെ ചോദ്യം ചെയ്യുന്നത്. വെള്ളിയാഴ്ച്ച തുടരും. കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ ജൂണ്‍ 23ന് വിളിപ്പിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയെയും പാര്‍ട്ടി ട്രഷറര്‍ പവന്‍ ബന്‍സാലിനെയും മൊഴിയെടുക്കാനായി വിളിപ്പിച്ചിട്ടുണ്ട്.

അതിനിടെ, വിഷയത്തില്‍ കോണ്‍ഗ്രസ് പ്രതിഷേധം തുടരുകയാണ്. ഇ.ഡി നടപടിക്കെതിരെ കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരിയുടെ നേതൃത്വത്തിലുള്ള സംഘം ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയെ കാണും. കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ പൊലീസിൻ്റെ കയ്യേറ്റം സ്പീക്കറുടെ ശ്രദ്ധയില്‍പ്പെടുത്തും. രാജ്യത്തെ മുഴുവന്‍ രാജ്ഭവനുകളും കോണ്‍ഗ്രസ് ഉപരോധിച്ചു.

0Shares