
രാജ്യത്തെ ജി.ഡി.പി ഏറ്റവും താഴ്ന്ന നിലയിലെത്തുമെന്ന ഇന്‍ഫോസിസ് സ്ഥാപകന്‍ എന്‍.ആര്‍.നാരായണ മൂര്‍ത്തിയുടെ മുന്നറിയിപ്പ് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമർശനവുമായി കോണ്‍ഗ്രസ് എം.പി രാഹുല്‍ ഗാന്ധി. ‘മോദി ഇവിടെയുണ്ടെങ്കിൽ എല്ലാം സാധിക്കും’ -കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ജി.ഡി.പി ഏറ്റവും താഴ്ന്നനിലയിൽ എത്തുമെന്ന റിപ്പോർട്ട് ചൂണ്ടിക്കാട്ടി രാഹുൽ ഗാന്ധി ട്വീറ്റിലൂടെ പരിഹസിച്ചു.

ഇന്ത്യയിൽ ജി.ഡി.പി റെക്കോർഡ് താഴ്ച്ചയിലെത്തുമെന്ന എൻ.ആർ നാരായണ മൂർത്തിയുടെ പ്രസ്താവന ഉൾപ്പെട്ട റിപ്പോർട്ടും രാഹുൽ ട്വിറ്ററിൽ പങ്കുവെച്ചു. ‘മോദിയുണ്ടെങ്കിൽ എല്ലാം സാധ്യമാകും’ എന്നത് 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ മുദ്രാവാക്യമായിരുന്നു. ഇതാണ് രാഹുൽ മോദിക്കെതിരെ പ്രയോഗിച്ചിരിക്കുന്നത്.
ഇന്ത്യയുടെ ജി.ഡി.പി ചുരുങ്ങിയത് അഞ്ചു ശതമാനമെങ്കിലും കുറയുമെന്നും 1947ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിൽ ജി.ഡി.പിയില്‍ എത്തിച്ചേരാമെന്നുമാണ് നാരായണ മൂർത്തി ചൂണ്ടിക്കാട്ടിയിരുന്നത്.
