
കാസർകോട്: ഭീഷണിപ്പെടുത്തി കാറും പണവും തട്ടിയെടുക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയെ പോലീസ് പിടികൂടി. പൈവളിക സ്വദേശിയെ ഭീഷണിപ്പെടുത്തി കാറും 18000 രൂപയും തട്ടിയെടുത്ത കേസിലാണ് പ്രതിയായ റഹിമിനെ മഞ്ചേശ്വരം പോലീസ് അറസ്റ്റ് ചെയ്തത്. മാര്‍ച്ച് 3നായിരുന്നു കേസിനാസ്പദമായ സംഭവം. ഇതിന് പുറമെ മയക്കുമരുന്ന് കടത്ത്, ആയുധക്കടത്ത്, പോലീസിനെ വെടിവെച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചതടക്കം നിരവധി കേസുകളില്‍ പ്രതിയാണ് റഹിം.

കാര്‍ തട്ടിയെടുത്ത ശേഷം ഇയാള്‍ കര്‍ണാടക, ആന്ധ്രാപ്രദേശ്. മഹാരാഷ്‌ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു. തട്ടിയെടുത്ത കാര്‍ മഹാരാഷ്‌ട്രയില്‍ അപകടത്തില്‍ പെട്ടതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് സംഘം എത്തിയെങ്കിലും അവിടെ നിന്നും വീണ്ടും പോലീസിൻ്റെ കണ്ണ് വെട്ടിച്ച് മുങ്ങിയ പ്രതി നാട്ടില്‍ എത്തിയിട്ടുണ്ടെന്ന് പോലീസ് സംഘത്തിന് വിവരം ലഭിച്ചിരുന്നു.
ഇതിൻ്റെ അടിസ്ഥാനത്തില്‍ മഞ്ചേശ്വരം ബായിക്കട്ട എന്ന സ്ഥലത്തു വെച്ച് കാറിൽ അതിവേഗതയിൽ വരികയായിരുന്ന പ്രതിയെ പിടിക്കാൻ ശ്രമിച്ച മഞ്ചേശ്വരം എസ്.ഐ ടോണി ജെ. മറ്റം, ഡ്രൈവർ പ്രവീൺ, ഡി.വൈ.എസ്.പി യുടെ സ്‌ക്വാഡിൽ പെട്ട നിതിൻ സാരങ് എന്നിവരുടെ പോലീസ് വാഹനത്തില്‍ കാര്‍ ഇടിപ്പിച്ച് രക്ഷിക്കാനും റഹിം ശ്രമിച്ചു. തുടര്‍ന്ന് പോലീസ് സംഘം സഹസികമായി പ്രതിയെ പിടികൂടുകയായിരുന്നു.
