
കണ്ണൂർ: പേവിഷ ബാധയേറ്റ പശുവിന് ദയാവധം. കണ്ണൂർ ചിറ്റാരിപ്പറമ്പ് സ്വദേശി അരവിന്ദാക്ഷൻ്റെ പശുവിനെയാണ് പേവിഷ ബാധയേറ്റതിനെ തുടർന്ന് കൊന്നത്. വെറ്റിനറി ഡോക്ടർമാരുടെ സംഘം സ്ഥലത്തെത്തി ഇൻജക്ഷൻ നൽകിയാണ് ദയാവധം നടപ്പാക്കിയത്.
ചൊവാഴ്‌ച മുതലാണ് പശു അസ്വസ്ഥത പ്രകടിപ്പിക്കുകയും അക്രമാസക്തമായി പെരുമാറുകയും ചെയ്തത്. ചിറ്റാരിപ്പറമ്പ് വെറ്റിനറി ഡോക്ടർ ആൽബിൻ വ്യാസ് മലബാർ റാബിസ് രോഗനിർണയ ലബോറട്ടറിയിലെ ഡോക്ടർ എ.ആർ രഞ്ജിനി എന്നിവരുടെ നേതൃത്വത്തിലാണ് പശുവിനെ പരിശോധിച്ചത്.

കണ്ണൂർ ചാലയിലെ പ്രസന്നയുടെ വീട്ടിലെ പശുവിന് പേവിഷ ബാധ സ്‌ഥിരീകരിച്ചതിന് പിന്നാലെ ചൊവാഴ്‌ച രാവിലെയോടു കൂടി ചത്തു. പശുവിനെ പട്ടി കടിച്ചതായുള്ള ലക്ഷണങ്ങളോ മുറിവുകളോ കാണാനില്ല. എങ്ങനെയാണ് വിഷ ബാധയേറ്റതെന്ന കാര്യം വ്യക്‌തമല്ല. എന്നാലും പുല്ലില്‍ നിന്നോ മറ്റോ ആയിരിക്കാം പേ ഏറ്റതെന്നാണ് പ്രാഥമിക നിഗമനം.
ഡോക്‌ടര്‍മാര്‍ വന്ന് പരിശോധന നടത്തിയ ശേഷമാണ് പേവിഷ ബാധയേറ്റെന്ന് സ്‌ഥിരീകരിച്ചത്. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്തി മരത്തില്‍ കെട്ടിയിടുകയായിരുന്നു. കറവയുള്ള പശു ആയിരുന്നു. കഴിഞ്ഞ ദിവസം രാവിലെ മുതല്‍ തന്നെ പശു അസ്വസ്‌ഥതകള്‍ കാണിച്ചിരുന്നെന്നും അക്രമാസക്തം ആയിരുന്നെന്നും വീട്ടുകാര്‍ പറയുന്നു.

അതേസമയം, കണ്ണൂരിൽ 14 ദിവസത്തിനിടെ തെരുവ് നായ ആക്രമണത്തിൽ 370 പേരാണ് പരിക്കേറ്റ് ചികിത്സ തേടിയത്. തെരുവുനായ ശല്യം രൂക്ഷമായതോടെ ദയാവധത്തിന് അനുമതി തേടി സുപ്രീംകോടതിയെ സമീപിക്കാൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് തീരുമാനിച്ചു. സർക്കാർ അനുമതി നൽകിയെന്ന് പഞ്ചായത്ത് പ്രസിഡണ്ട് പി.പി ദിവ്യ പറഞ്ഞു. സുപ്രീംകോടതിയിലെ കേസിൽ കക്ഷി ചേരും.
ഇതിനിടയിൽ കണ്ണൂരിൽ മറ്റൊരു പശുവിനും പേവിഷ ബാധയേറ്റതായി സംശയമുണ്ട്. തെരുവുനായ ശല്യം രൂക്ഷമായ സാഹചര്യത്തിൽ, വളർത്ത് മൃഗങ്ങൾക്ക് ലൈസൻസ് നിർബന്ധമാക്കാനും വന്ധ്യകരിച്ച പട്ടികൾക്ക് തദ്ദേശ സ്ഥാപന അടിസ്ഥാനത്തിൽ ഷെൽട്ടറുകൾ സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്.
വീട്ടിൽ വളർത്തുന്ന നായ്ക്കൾ ചത്താൽ തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കണം. ലൈസൻസ് ഇല്ലാത്ത മൃഗങ്ങളെ വളർത്തുന്നവരിൽ നിന്ന് പിഴ ഈടാക്കും. വീട്ടിൽ വളർത്തുന്ന മൃഗങ്ങൾക്ക് മൈക്രോ ചിപ്പിങ് നിർബന്ധമാക്കും. സ്‌കൂൾ പരിസരത്ത് തെരുവ് പട്ടികൾക്ക് ഭക്ഷണം കൊടുക്കുന്നത് നിർത്തലാക്കാനും ജില്ലയിലെ തദ്ദേശ സ്ഥാപന അധ്യക്ഷന്മാരുടെ യോഗത്തിൽ തീരുമാനിച്ചു.

അതിനിടെ കോട്ടയം,ചങ്ങനാശേരിയില്‍ തെരുവുനായയെ കൊന്ന് കെട്ടിത്തൂക്കിയ സംഭവത്തില്‍ പോലീസ് കേസെടുത്തു. ഐപിസി 429 പ്രകാരം ചങ്ങനാശേരി പോലീസാണ് കേസെടുത്തത്. പെരുന്ന സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന് സമീപമുള്ള റോഡില്‍ ചൊവാഴ്‌ച രാവിലെയാണ് നായയെ കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തിയത്.
രണ്ടുദിവസം മുമ്പ് ഇവിടെ ഒരു സ്ത്രീയെ തെരുവുനായ കടിക്കാൻ ഓടിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് നായയെ കൊന്ന് കെട്ടിത്തൂക്കിയത് എന്നാണ് സൂചന. നാട്ടുകാരെത്തിയാണ് നായയുടെ കഴുത്തിലെ കെട്ടഴിച്ച് മൃതദേഹം മറവ് ചെയ്തത്.
നായയെ കൊന്നതിന് പിന്നിൽ ആരാണെന്ന് വ്യക്തമായിട്ടില്ലെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് പറയുന്നു. അതേസമയം, നായയുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യും. ഇതിനായി ജഡം തിരുവല്ല വെറ്ററിനറി ലാബിലേക്ക് മാറ്റും.
