ബിവറേജസ് ഷോപ്പുകളിലെ ക്യൂ ഒഴിവാക്കണം; സഞ്ചരിക്കുന്ന മദ്യശാലകള്‍ തുടങ്ങേണ്ട സമയമായി; അഭിപ്രായവുമായി ഹൈക്കോടതി

  • Post category:news
  • Reading time:1 min read
You are currently viewing ബിവറേജസ് ഷോപ്പുകളിലെ ക്യൂ ഒഴിവാക്കണം; സഞ്ചരിക്കുന്ന മദ്യശാലകള്‍ തുടങ്ങേണ്ട സമയമായി; അഭിപ്രായവുമായി ഹൈക്കോടതി

ബിവറേജസ് ഷോപ്പുകളിലെ ക്യൂ ഒഴിവാക്കണമെന്ന് ഹൈക്കോടതി. നയപരമായ മാറ്റം ആവശ്യമാണ്. മറ്റു കടകളിലേതു പോലെ കയറി ഇറങ്ങാവുന്ന സംവിധാനം ആക്കിക്കൂടേയെന്നും കോടതി ചോദിച്ചു. സംസ്ഥാനത്ത് സഞ്ചരിക്കുന്ന മദ്യശാലകൾ തുടങ്ങേണ്ട സമയമായെന്നും കോടതി അഭിപ്രായപ്പെട്ടു.കോടതി നിർദേശപ്രകാരം 10 മദ്യശാലകൾ മാറ്റി സ്ഥാപിച്ചതായി സർക്കാർ കോടതിയെ അറിയിച്ചു.

പരിഷ്‌കാരങ്ങൾ ഒരു കാലിലെ മന്ത് അടുത്ത കാലിലേക്ക് മാറ്റിയതുപോലെ ആകരുതെന്ന് കോടതി അഭിപ്രായപ്പെട്ടു. ബിവറേജസ് കോർപ്പറേഷൻ്റെ അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുമ്പോഴാണ് ഹൈക്കോടതിയുടെ വിമർശനം.കേസിൽ എക്‌സൈസ് കമ്മീഷണറെയും ബെവ്‌കോ സി.എം.ഡിയേയും കോടതി നേരത്തെ കക്ഷി ചേർത്തിരുന്നു. സൗകര്യമില്ലാത്ത ബെവ്‌കോ ഷോപ്പുകൾ മാറ്റിസ്ഥാപിക്കണമെന്നും നിലവാരം മെച്ചപ്പെടുത്തണമെന്നും ഹൈക്കോടതി നിർദേശിച്ചു. ഇതിൻ്റെ പുരോഗതി കോടതി സർക്കാരിനോട് ആരാഞ്ഞിരുന്നു.

ഇതിനുള്ള മറുപടിയിലാണ് 10 മദ്യശാലകൾ മാറ്റി സ്ഥാപിച്ചതായും 33 കടകൾ അപ്‌ഗ്രേഡ് ചെയ്തതായും ബെവ്‌കോ അറിയിച്ചു. ആരും തങ്ങളുടെ വീടിന് സമീപത്ത് ബെവ്‌കോ ഔട്ട്‌ലെറ്റ് വരണമെന്ന് ആഗ്രഹിക്കുന്നില്ല. അതിനാൽ നയപരമായ മാറ്റമാണ് വേണ്ടത്.ആളുകൾ കൂട്ടംകൂടി നിൽക്കുന്ന സാഹചര്യം ഉണ്ടാകരുത്. അനിയന്ത്രിതമായ ക്യൂ ഉണ്ടാകരുത്. കുട്ടികൾക്കും സ്ത്രീകൾക്കും മദ്യശാലകൾക്ക് മുന്നിലൂടെ കടന്നുപോകാവുന്ന അവസ്ഥ നിലവിലില്ല. ഈ സാഹചര്യം മാറണമെന്നും കോടതി അഭിപ്രായപ്പെട്ടു. സഞ്ചരിക്കുന്ന മദ്യശാലകൾ തുടങ്ങുന്ന കാര്യം സർക്കാർ ആലോചിക്കണമെന്നും, റിപ്പോർട്ട് നൽകാനും കോടതി നിർദേശിച്ചു.

0Shares