രാജ്യത്തിനുള്ളിലെ വിമാന സര്‍വ്വീസുകളിലെ യാത്രക്കാര്‍ക്ക്‌ ക്വാറന്റീന്‍ നിര്‍ബന്ധമല്ല: കേന്ദ്ര വ്യോമയാന മന്ത്രി

  • Post category:news
  • Reading time:1 min read
You are currently viewing രാജ്യത്തിനുള്ളിലെ വിമാന സര്‍വ്വീസുകളിലെ യാത്രക്കാര്‍ക്ക്‌ ക്വാറന്റീന്‍ നിര്‍ബന്ധമല്ല: കേന്ദ്ര വ്യോമയാന മന്ത്രി

തിങ്കളാഴ്ച ആരംഭിക്കുന്ന ആഭ്യന്തര വിമാന സര്‍വ്വീസുകളില്‍ യാത്രചെയ്യുന്നവര്‍ക്ക് ക്വാറന്റീന്‍ നിര്‍ബന്ധമല്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി. വിമാന സര്‍വ്വീസുകളുടെ യാത്രാസമയത്തെ മുന്നിര്‍ത്തി നിരക്ക് നിശ്ചയിച്ചതായും അദ്ദേഹം പറഞ്ഞു.

ഇപ്പോഴത്തെ സാഹചര്യത്തില്‍ ആഭ്യന്തര യാത്രക്കാര്‍ക്ക് ക്വാറന്റീന്‍ ആവശ്യമാണെന്ന് കരുതുന്നില്ലെന്നും അന്താരാഷ്ട്ര വിമാന സര്‍വ്വീസുകളിലെ യാത്രക്കാരെപ്പോലെ ദീര്‍ഘദൂര യാത്ര ഇവിടെ ആവശ്യമായിവരുന്നില്ലെന്നും താരതമ്യേന ചെറിയ ദൂരത്തേയ്ക്കുള്ള യാത്രയാണ് ആഭ്യന്തര സര്‍വ്വീസുകളില്‍ നടത്തുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ആഭ്യന്തര വിമാന സര്‍വ്വീസുകളുടെ യാത്രാസമയത്തെ മുന്നിര്‍ത്തി ഏഴ് വിഭാഗങ്ങളായി തിരിച്ചായിരിക്കും ടിക്കറ്റ് നിരക്കുകളെന്നും 40 മിനിറ്റു മുതല്‍ 210 മിനിറ്റുവരെയുള്ള യാത്രകള്‍ക്ക് കുറഞ്ഞ പരമാവധി നിരക്ക് നിശ്ചയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മെട്രോ നഗരങ്ങളില്‍ നിന്ന് മറ്റു നഗരങ്ങളിലേയ്ക്ക് മൂന്നില്‍ ഒന്ന് വിമാനങ്ങള്‍ മാത്രമായിരിക്കും ആദ്യഘട്ടത്തില്‍ സര്‍വ്വീസ് നടത്തുക.

ഒരു വിമാനത്തിലെ 40 ശതമാനം സീറ്റുകളില്‍ മാത്രമേ യാത്ര അനുവദിക്കൂ. ആഴ്ചയില്‍ 100-ല്‍ അധികം വിമാനങ്ങള്‍ സര്‍വ്വീസ് നടത്തും. ആഭ്യന്തര സര്‍വ്വീസുകളുടെ അനുഭവത്തിന്‍റെ വെളിച്ചത്തിലായിരിക്കും അന്താരാഷ്ട്ര സര്‍വ്വീസുകള്‍ ആരംഭിക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയെന്നും മന്ത്രി പറഞ്ഞു.

0Shares