
പഞ്ചാബിൽ പെട്രോളിനും ഡീസലിനുമുള്ള മൂല്യവർദ്ധിത നികുതി കുറച്ചു. പെട്രോളിന് പത്ത് രൂപയും ഡീസലിന് അഞ്ച് രൂപയുമാണ് കുറച്ചത്. ഇതോടെ സംസ്ഥാനത്ത് നൂറിന് മുകളിൽ ആയിരുന്ന പെട്രോളിന് 96 രൂപയും 89 രൂപ ആയിരുന്ന ഡീസലിന് 84 രൂപയായും കുറയും.
കേന്ദ്രം എക്‌സൈസ് തീരുവ കുറച്ചതിന് പിന്നാലെ മൂല്യവർദ്ധിത നികുതി കുറയ്ക്കുന്ന ആദ്യ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനമാണ് പഞ്ചാബ്. എഴുപത് വർഷത്തിനിടയിലെ ഏറ്റവും വലിയ തീരുമാനമാണെന്നും സംസ്ഥാനത്തിന് പ്രതിവർഷം ആയിരം കോടിയുടെ നഷ്ടമുണ്ടാകുമെന്നും മുഖ്യമന്ത്രി ചരൺജിത്ത് സിങ് ചന്നി പറഞ്ഞു. നികുതി കുറയ്ക്കാനുള്ള പഞ്ചാബിൻ്റെ തീരുമാനത്തോടെ പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന കൂടുതൽ സംസ്ഥാനങ്ങളും നിരക്ക് ഇളവിന് തയ്യാറായേക്കും.

എൻ.ഡി.എ ഇതര സംസ്ഥാനങ്ങളിൽ പഞ്ചാബിന് പുറമേ ഒഡീഷ മാത്രമാണ് മൂല്യവർധിത നികുതി കുറക്കാൻ തയ്യാറായിട്ടുള്ളു. ബി.ജെ.പിയുടെ സമ്മർദ്ദത്തിന് വഴങ്ങി നികുതി കുറയ്‌ക്കേണ്ടന്ന നിലപാടിലാണ് പൊതുവേ പ്രതിപക്ഷ പാർട്ടികളുടേത്. 18 മാസത്തിനിടെ മാത്രം 35 രൂപയുടെ വർധന പെട്രോളിനും 26 രൂപയുടെ വർധന ഡീസിലിനും ഉണ്ടായിട്ടുണ്ടെന്ന് കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നു. അതിനാൽ അഞ്ച് രൂപയുടെയും പത്ത് രൂപയുടെയും മാത്രം ഇളവ് ഒട്ടും ആശ്വാസകരമല്ലെന്ന നിലപാടിലാണ് കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾ.
