പരാതിക്കാരൻ ജീവനൊടുക്കിയ പുൽപള്ളി ബാങ്ക് തട്ടിപ്പ്; കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.കെ എബ്രഹാം കസ്റ്റഡിയിൽ

  • Post category:Kerala
  • Reading time:1 min read
You are currently viewing പരാതിക്കാരൻ ജീവനൊടുക്കിയ പുൽപള്ളി ബാങ്ക് തട്ടിപ്പ്; കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.കെ എബ്രഹാം കസ്റ്റഡിയിൽ

മാനന്തവാടി: വയനാട് പുൽപള്ളി സഹകരണ ബാങ്കിലെ വായ്‌പാ തട്ടിപ്പ് കേസിൽ പരാതിക്കാരൻ്റെ ആത്മഹത്യയിൽ ബാങ്ക് മുൻ പ്രസിഡണ്ടും കെ.പി.സി.സി ജനറൽ സെക്രട്ടറിയുമായ കെ.കെ എബ്രഹാം പൊലീസ് കസ്റ്റഡിയിൽ. പുലർച്ചെ ഒരു മണിക്കാണ് പുൽപള്ളിയിലെ വീട്ടിൽ നിന്ന് കസ്റ്റഡിയിൽ എടുത്തത്. ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്ന് ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അതേസമയം, താൻ നിരപരാധി ആണെന്നും വായ്‌പ നൽകിയത് മനുഷ്യത്വപരമായ നിലപാട് സ്വീകരിച്ചാണെന്നും കസ്റ്റഡിയിൽ ഉള്ള കെ.കെ എബ്രഹാം പറഞ്ഞു. കോൺഗ്രസിലെ ഒരു വിഭാഗവും രാഷ്ട്രീയ എതിരാളികളുമാണ് തനിക്കെതിരെ ആരോപണമുയർത്തുന്നത്. ഏത് നിയമ നടപടിയും സ്വാഗതം ചെയ്യുന്നതായും കെ.കെ എബ്രഹാം പറഞ്ഞു.

ജീവനൊടുക്കിയ കർഷകൻ രാജേന്ദ്രൻ നായരുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. മൃതദേഹവുമായി പുൽപള്ളിയിൽ ബന്ധുക്കളും ആക്ഷൻ കമ്മിറ്റിയും പ്രതിഷേധിച്ചു.

പുൽപള്ളി സഹകരണ ബാങ്ക് വായ്‌പ തട്ടിപ്പ് കേസിലെ പരാതിക്കാരനായ രാജേന്ദ്രൻ നായരുടെ മൃതദേഹം മുൻ ഭരണസമിതി പ്രസിഡണ്ടും കെ.പി.സി.സി ജനറൽ സെക്രട്ടറിയുമായ കെ.കെ എബ്രഹാമിൻ്റെ വീടിന് മുന്നിൽ എത്തിച്ച് പ്രതിഷേധിക്കുമെന്ന് ആക്ഷൻ കമ്മിറ്റി അറിയിച്ചു.

രാജേന്ദ്രൻ നായരുടെ കുടുംബത്തിന് അടിയന്തര നഷ്ടപരിഹാരം പ്രഖ്യാപിക്കും വരെ മൃതദേഹം സംസ്‌കരിക്കില്ലെന്ന നിലപാടിലായിരുന്നു ആക്ഷൻ കമ്മിറ്റി. രാജേന്ദ്രൻ നായരുടെയും തട്ടിപ്പിനിരയായ മറ്റുള്ളവരുടെയും കടബാധ്യത കോൺഗ്രസ്‌ ഏറ്റെടുക്കണമെന്ന് സി.പി.എം ആവശ്യപ്പെട്ടു. കെ.പി.സി.സി ജനറൽ സെക്രട്ടറിയുടെ നേതൃത്വത്തിലാണ് തട്ടിപ്പ് നടന്നതെന്നും കോൺഗസ് നേതൃത്വം മറുപടി പറയണമെന്നും സി.പി.എം പ്രസ്താവനയിൽ പറഞ്ഞു.

0Shares