
മെഹ്‌സ അമിനിയുടെ മരണത്തിന് പിന്നാലെ ഇറാനിൽ പ്രതിഷേധം ആളിപ്പടരുകയാണ്. ടെഹ്‌റാനും മറ്റ് ഇറാനിയൻ നഗരങ്ങളും പ്രതിഷേധക്കാർ വളഞ്ഞു. ഹിജാബ് ശരിയായി ധരിച്ചില്ലെന്ന് ആരോപിച്ച് സദാചാര പോലീസ് മെഹ്‌സയെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു.
ഇറാൻ 2019ന് ശേഷമുള്ള ഏറ്റവും മോശമായ അവസ്ഥയിലൂടെയാണ് ഇപ്പോൾ കടന്നു പോകുന്നത്. പെട്രോൾ വിലക്കയറ്റത്തിനെതിരെ 2019ൽ പ്രതിഷേധം നടന്നിരുന്നു. ഭൂരിഭാഗവും ജനങ്ങളും ഇറാന്റെ കുർദിഷ് ജനസംഖ്യയുള്ള വടക്കുപടിഞ്ഞാറൻ ഭാഗത്താണ് നിലയുറപ്പിച്ചിരിക്കുന്നത്. അതേസമയം പ്രതിഷേധം തലസ്ഥാന നഗരത്തിലേക്കും രാജ്യവ്യാപകമായി കുറഞ്ഞത് 50 നഗരങ്ങളിലേക്കും പട്ടണങ്ങളിലേക്കും വ്യാപിച്ചിട്ടുണ്ട്.

ജനങ്ങളെ പിരിച്ചുവിടാൻ പോലീസിന് ബലപ്രയോഗം നടത്തേണ്ടി വന്നു. ഇതിനോടകം നിരവധി പേർ കൊല്ലപ്പെട്ടതായും ഇറാൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. പ്രതിഷേധക്കാർ പോലീസ് സ്‌റ്റേഷന് തീയിട്ടു. കൊല്ലപ്പെട്ടവരിൽ പോലീസ് ഓഫീസറും ഉണ്ടെന്നാണ് വിവരം. വടക്കു പടിഞ്ഞാറൻ ഭാഗത്ത് നിന്നാണ് പ്രക്ഷോഭം ആരംഭിച്ചത്. പ്രതിഷേധം വ്യാപിക്കുന്നതിൻ്റെ ഭാഗമായി പ്രദേശത്ത് ഇന്റർനെറ്റ് ബന്ധം വിച്ഛേദിച്ചു. സ്ത്രീകളാണ് പ്രതിഷേധത്തിന് നേതൃത്വം നൽകുന്നത്. ഹിജാബ് കത്തിച്ചും മുടി മുറിച്ചുമുള്ള പ്രതിഷേധമാണ് കൂടുതലും നടക്കുന്നത്.
