മന്ത്രി ജലീലിന്‍റെ രാജിക്കായി മുറവിളി; സംസ്ഥാന വ്യാപക പ്രതിഷേധം , സംഘര്‍ഷം; ജലീലിന് പിന്തുണയുമായി കടകംപള്ളിയും എം.എം മണിയും

  • Post category:news
  • Reading time:2 mins read
You are currently viewing മന്ത്രി ജലീലിന്‍റെ രാജിക്കായി മുറവിളി; സംസ്ഥാന വ്യാപക പ്രതിഷേധം , സംഘര്‍ഷം; ജലീലിന് പിന്തുണയുമായി കടകംപള്ളിയും എം.എം മണിയും

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.)ചോദ്യം ചെയ്ത മന്ത്രി കെ.ടി. ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനമൊട്ടാകെ വ്യാപക പ്രതിഷേധം. സെക്രട്ടേറിയറ്റിലേക്ക് യുവ മോർച്ച, യൂത്ത് ലീഗ് പ്രവർത്തകർ സംഘടിപ്പിച്ച പ്രതിഷേധങ്ങൾ സംഘർഷത്തിൽ കലാശിച്ചു. പ്രതിഷേധക്കാർക്ക് നേരെ പോലീസ് ലാത്തി വീശുകയും കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു.

സെക്രട്ടറിയേറ്റിലേക്ക് യൂത്ത് ലീഗ് പ്രവർത്തകരാണ് ആദ്യം പ്രതിഷേധവുമായെത്തിയത്. മാർച്ച് സംഘർഷത്തിൽ കലാശിച്ചു. സെക്രട്ടറിയേറ്റിന്‍റെ നോർത്ത് ഗേറ്റിന് മുന്നിൽ യൂത്ത് ലീഗ് പ്രവർത്തകരും പോലീസും തമ്മിൽ ഉന്തുംതള്ളുമുണ്ടായി. പ്രവർത്തകരെ പിരിച്ചുവിടാൻ പോലീസ് ലാത്തി വീശുകയും കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തു.

ഇവർക്ക് പിന്നാലെ യുവ മോർച്ച പ്രവർത്തകരും സെക്രട്ടറിയേറ്റിലേക്ക് പ്രതിഷേധം സംഘടിപ്പിച്ചു. ബാരിക്കേഡുകൾ ഇളക്കിമാറ്റാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. യുവ മോർച്ച പ്രവർത്തകരെ പിരിച്ചുവിടാൻ പോലീസ് ലാത്തി വീശി. മഹിളാകോൺഗ്രസും സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തി. മന്ത്രിയുടെ വസതിക്ക് മുന്നിലും പ്രതിഷേധം ശക്തമായിരുന്നു.

വിവിധ ജില്ലാ ആസ്ഥാനങ്ങളിൽ യുവമോർച്ച, യൂത്ത് ലീഗ്, യൂത്ത് കോൺഗ്രസ് എന്നീ യുവജന സംഘടനകളുടെ നേതൃത്വത്തിൽ വ്യാപകമായ പ്രതിഷേധമാണ് അരങ്ങേറിയത്. തൃശ്ശൂരിലും കൊല്ലത്തും കോട്ടയത്തും ശക്തമായ പ്രതിഷേധം അരങ്ങേറി. പലയിടത്തും പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവർത്തരെ ബലം പ്രയോഗിച്ച് മാറ്റാനും പോലീസ് ശ്രമിച്ചു.

അതേസമയം, നയതന്ത്ര ബാഗേജില്‍ മതഗ്രന്ഥങ്ങള്‍ കൊണ്ടുവന്നതില്‍ വ്യക്തത തേടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത മന്ത്രി കെ. ടി ജലീല്‍ രാജിവയ്‌ക്കേണ്ടതില്ലെന്ന് മന്ത്രിമാരായ എം. എം മണിയും കടകംപള്ളി സുരേന്ദ്രനും അഭിപ്രായപ്പെട്ടു. ചോദ്യം ചെയ്യല്‍ വലിയ കാര്യമല്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. പ്രതിഷേധങ്ങള്‍ക്ക് അര്‍ത്ഥമില്ല. കഴിഞ്ഞ മന്ത്രിസഭയിലും ചോദ്യം ചെയ്യല്‍ നടന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മന്ത്രിയോട് ആരെങ്കിലും വിശദീകരണം ചോദിച്ചാല്‍ ഉടനെ രാജിവയ്ക്കണം എന്ന് പറഞ്ഞ് പ്രക്ഷോഭം നടത്തുന്നതില്‍ അടിസ്ഥാനമുണ്ടോ എന്നും കഴിഞ്ഞ മുഖ്യമന്ത്രിയെ എത്ര മണിക്കൂറാണ് ചോദ്യം ചെയ്തത് എന്നും കടകംപള്ളി ചോദിച്ചു. ജലീല്‍ തെറ്റ് ചെയ്തതായി കരുതുന്നില്ലെന്ന് മന്ത്രി എം. എം മണി പറഞ്ഞു. ഇ. ഡിയുടെ ചോദ്യം ചെയ്യല്‍ എന്നത് ഒരു നടപടിക്രമം മാത്രമാണ്. വേറൊന്നും ചെയ്യാനില്ലാത്തത് കൊണ്ടാണ് കോണ്‍ഗ്രസുകാര്‍ പ്രതിഷേധിക്കുന്നതെന്നും എം. എം മണി പറഞ്ഞു.

0Shares