
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ നടത്തിയ പ്രതിഷേധ കേസിൽ മുൻ എം.എൽ.എയും യൂത്ത് കോൺഗ്രസ് ഉപാധ്യക്ഷനുമായ കെ.എസ് ശബരീനാഥൻ അറസ്റ്റിൽ. സർക്കാർ അഭിഭാഷകൻ കോടതിയിലാണ് ഇക്കാര്യം അറിയിച്ചത്. വധ ശ്രമത്തിന് വേണ്ടിയുള്ള ക്രിമിനൽ ഗൂഢാലോചന അടക്കമുള്ള കുറ്റം ചുമത്തിയാണ് അറസ്റ്റ് എന്നാണ് വിവരം. ശബരീനാഥിനെ ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധന നടത്തിയതിന് ശേഷം ജില്ലാ കോടതിയിൽ ഹാജരാക്കും.
വിമാനത്തിനുള്ളിൽ പ്രതിഷേധിക്കാൻ സംഘടനയ്ക്കുള്ളിലെ വാട്‌സ് ആപ് ഗ്രൂപ്പിൽ ശബരിനാഥ് നിർദ്ദേശിച്ച തരത്തിലുള്ള സക്രീൻ ഷോട്ട് പുറത്തു വന്നതിന് പിന്നാലെയാണ് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ നടപടി. സംഭവത്തിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ശബരിനാഥിന് കഴിഞ്ഞ ദിവസം നോട്ടീസ് ലഭിച്ചിരുന്നു.

തിരുവനന്തപുരം ശംഖുമുഖം അസിസ്റ്റൻറ് കമ്മീഷണർ ഓഫീസിൽ ചൊവ്വാഴ്‌ച്ച ചോദ്യം ചെയ്യലിന് ഹാജരാകാനായിരുന്നു നോട്ടീസ്. ശബരീനാഥൻ ഹാജരായതിന് പിന്നാലെയാണ് അറസ്റ്റ്. കണ്ണൂരിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ മൂന്നുപേർ വിമാനത്തിനുള്ളിൽ കയറി മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചത് ഗൂഡാലോചനയുടെ ഭാഗമായാണെന്നാണ് പൊലീസ് പറയുന്നത്.
മുഖ്യമന്ത്രി കണ്ണൂരില്‍ നിന്ന് വിമാനത്തില്‍ വരുന്നുണ്ടെന്ന് യൂത്ത് കോണ്‍ഗ്രസിൻ്റെ ഒരു വാട്‌സ് ആപ് ഗ്രൂപ്പിലാണ് ശബരിനാഥൻ്റെ പേരിലുള്ള സന്ദേശം കാണുന്നത്. വിമാനത്തിനുള്ളില്‍ വെച്ച് മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാമെന്ന ആശയം ഇതില്‍ പങ്കുവെക്കുന്നുണ്ട്. വിമാനത്തില്‍ വെച്ച് കരിങ്കൊടി കാണിച്ചാല്‍ പുറത്താക്കാന്‍ പറ്റില്ലല്ലോ എന്നും ഇതില്‍ ചോദിക്കുന്നുണ്ട്.
ശബരീനാഥിനെതിരെ നിയമസഭയിൽ മുഖ്യമന്ത്രി സംസാരിച്ചിരുന്നു. താൻ എം.എൽ.എ ആയിരിക്കുമ്പോൾ രണ്ട് തവണയുണ്ടായ വധശ്രമങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. എന്നിട്ടും അന്നൊന്നും കേസ് കൊടുത്തിരുന്നില്ല. വിമാനത്തിലെ അക്രമവും അന്ന് തനിക്കെതിരെ ഗുണ്ടകളെ വിട്ട ആളുകൾ ചെയ്തതെന്നാണ് വിചാരിച്ചത്.

മുൻ എം.എൽ.എ ഇങ്ങനെ ചെയ്യുമെന്ന് വിചാരിച്ചില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. അക്രമം ആസൂത്രിതം ആണ്. യൂത്ത് കോൺഗ്രസ് സംസ്ഥാന വാട്‌സ് ആപ് ഗ്രൂപ്പിൽ ഗുഢാലോചന നടന്നതായും മുൻ എം.എൽ.എ കൂടിയായ സംസ്ഥാന വൈസ്. പ്രസിഡൻ്റ് .വാട്‌സ് ആപ് ഗ്രൂപ്പിൽ നിർദേശം നൽകിയതായും ശബരിനാഥൻ്റെ വാട്‌സ് ആപ് സന്ദേശം ഉദ്ധരിച്ച് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ നടന്ന പ്രതിഷേധം യൂത്ത് കോൺഗ്രസ് നേതൃത്വത്തിൻ്റെ അറിവോടെ ആണെന്നായിരുന്നു കെ.എസ് ശബരിനാഥൻ്റെ പ്രതികരണം. പ്രതിഷേധത്തിന് ശേഷം കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചു. സമാധാനപരമായിട്ടാണ് പ്രതിഷേധം നടത്തിയതെന്നും വക്രീകരിച്ച് വധശ്രമമാക്കാൻ ശ്രമിച്ചതായും ചോദ്യം ചെയ്യലിന് ശബരിനാഥൻ മാധ്യമങ്ങളോട് പറഞ്ഞു.
