
മധുർ / കാസർകോട്: സംരക്ഷിത നെൽവയൽ നികത്തിയ പ്രദേശത്ത് വിജിലൻസ് സംഘം മിന്നൽ പരിശോധന നടത്തി. കാസർകോട് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ഉദ്യോഗസ്ഥർ ബുധനാഴ്‌ചയാണ് മിന്നൽ പരിശോധന നടത്തുകയും നിയമ നടപടിക്ക് ഒരുങ്ങിയത്. മധൂർ വില്ലേജിലെ പട്ട്ള പാലത്തിന് സമീപമാണ് നെൽകൃഷിയെടുക്കുന്ന വയൽ ചെങ്കല്ല് കൊണ്ട് കെട്ടിയുയർത്തി ഒന്നര മീറ്ററോളം ഉയരത്തിൽ മണ്ണിട്ട് നികത്തിയത്.

മാസങ്ങളായി ഈ വയൽ മണ്ണിട്ട് നികത്തിയതായി കണ്ടിട്ടും റവന്യു, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ യാതൊരു നടപടിയും എടുത്തിരുന്നില്ലെന്ന് വിജിലൻസ് കണ്ടെത്തി.
മധുവാഹിനി പുഴയുടെ തീരത്തുള്ള വയലാണ് അനധികൃതമായി മണ്ണിട്ട് നികത്തിയത്. നിലവിലുള്ള നെൽപ്പാടങ്ങൾ പൂർണമായും സംരക്ഷിക്കണമെന്ന സർക്കാരിൻ്റെ പ്രഖ്യാപിത നയം കാറ്റിൽ പറത്തി കൊണ്ടാണ് ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ട കൃഷിഭൂമികൾ ജില്ലയിൽ പലയിടത്തും യാതൊരു മാനദണ്ഡവും പാലിക്കാതെ ഇത്തരത്തിൽ വയലുകളും മറ്റ് കൃഷി ഭൂമികളും നികത്തി കൊണ്ടിരിക്കുന്നത്.

സ്വാഭാവിക നീർച്ചാലുകളും തോടും നികത്തിയതായും കാണുന്നു. സമീപത്തുള്ള കോയപാടി എന്ന സ്ഥലത്തുള്ള കുന്നിടിച്ചാണ് വയൽ നികത്തിയത്. പട്ട്ളയിലെ കരാറുകാരനും റിയൽ എസ്റ്റേറ്റ് കാരനും മണ്ണ് മാഫിയക്കാരനുമായ വ്യക്തിയാണ് പിന്നിലെന്ന് സംശയിക്കുന്നു.
വരും ദിവസങ്ങളിലെ അന്വേഷണത്തിൽ കൂടുതൽ വിവരങ്ങൾ വ്യക്തമാകും. കുന്നിടിക്കുന്നതിനും വയൽ നികത്തുന്നതിനും കൂട്ട് നിന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിക്ക് ശുപാർശ ചെയ്യുമെന്ന് ഡി.വൈ.എസ്.പി കെ.വി വേണുഗോപാൽ അറിയിച്ചു.

ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ അസി. സബ് ഇൻസ്പെക്ടർ വി.ടി സുഭാഷ് ചന്ദ്രൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ കെ.വി ജയൻ, വി.എം പ്രദീപ് സർവ്വേ വിഭാഗം അസി. ഡയരക്ടർ ഗുരുപ്രസാദ് എന്നിവരുമുണ്ടായിരുന്നു.
