
ഇസ്‌ലാമിൽ ലൗ ജിഹാദ് എന്നൊന്നില്ലെന്ന് സമസ്ത. വിവാദ പരാമർശം നടത്തിയ ബിഷപ്പിനെ പ്രോൽസാഹിപ്പിക്കുന്ന തരത്തിലായി സർക്കാർ ഇടപെടൽ. ഇത് തെറ്റാണെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഖുർ ആൻ ശരിക്കും മനസിലാക്കാതെയാണ് പല പ്രചരണങ്ങളും നടക്കുന്നത്. സമസ്ത പ്രവർത്തിക്കുന്നത് മതസൗഹാർദ്ദത്തിനായി ആണ്. നർക്കോട്ടിക് ജിഹാദ് പരാമർശത്തിൽ സർക്കാർ ഭാഗത്തു നിന്നുണ്ടായ ഇടപെടൽ ഒരു വിഭാഗത്തെ വേദനിപ്പിക്കുന്നതായി. തീവ്രവാദം പറയുന്നവരെയാണ് ഒറ്റപ്പെടുത്തേണ്ടത്. താമരശേരി രൂപത ഇറക്കിയ കൈപ്പുസ്തകത്തിലെ പരാമർശങ്ങൾ തെറ്റാണ്. ഇസ്‌ലാമിന് ലൗ ജിഹാദ് എന്ന പദം അപരിചിതമാണ്.
ആരെങ്കിലും ചിലർ ഇങ്ങനെ ചെയ്യുന്നുണ്ടാകാം. എന്നാൽ ഇതിന് മതപരമായ പിൻബലമില്ല. ആർക്കും കൊട്ടാവുന്ന ചെണ്ടയല്ല മുസ്‌ലിം സമുദായം. സമുദായ നേതാക്കളുടെ പ്രതികരണം മതമൈത്രി തകർക്കുന്നതാവരുത്. സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചത്. ബിഷപ്പുമാർ ഇത്തരം പരാമർശങ്ങൾ നടത്തരുതായിരുന്നു എന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു.
