
യു.പിയിലെ ലഖിംപൂർ സന്ദർശിക്കാനെത്തിനെത്തുടർന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്കെതിരെ കേസെടുത്ത പൊലീസ് അവരെ അറസ്റ്റ് ചെയ്തു. ദിപേന്ദർ സിംഗ് ഹൂഡ, ഉത്തർപ്രദേശ് പി.സി.സി അധ്യക്ഷൻ അജയ് കുമാർ ലല്ലു ഉൾപ്പടെ മറ്റു പത്തു കോൺഗ്രസ് നേതാക്കൾക്കെതിരേയും കേസെടുത്തിട്ടുണ്ട്.
ക്രമസമാധാനം തകർക്കാൻ ശ്രമിച്ചെന്ന് ആരോപിച്ചാണ് നേതാക്കൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
കൊല്ലപ്പെട്ട കർഷകരുടെ കുടുംബാംഗങ്ങളെ സന്ദർശിക്കാനാണ് പ്രിയങ്ക കാൽനടയായി ലഖിംപൂരിലേക്ക് പോയത്. യാത്രാമധ്യേ ഇവരെ യുപി പൊലീസ് തടഞ്ഞിരുന്നു. നിലവിൽ സീതാപ്പൂർ പൊലീസ് കസ്റ്റഡിയിലുള്ള പ്രിയങ്കയെ കാണാനായി എത്തിയ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗെലിനെ ലക്‌നൗ വിമാനത്താവളത്തിൽ യു.പി പൊലീസ് തടഞ്ഞു.

ഇതിൽ പ്രതിഷേധിച്ച് ബാഗൽ ലക്‌നൗ വിമാനത്താവളത്തിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.
ഇതിനിടെ ലഖീംപൂർ സംഭവം എങ്ങനെയുണ്ടായെന്ന് അറിയില്ലെന്ന വിശദീകരണവുമായി കേന്ദ്ര സഹമന്ത്രി അജയ് മിശ്ര രംഗത്തെത്തി. ലഖിംപൂർ സംഭവത്തിൽ കേന്ദ്ര ആഭ്യന്തരസഹമന്ത്രിയായ അജയ് മിശ്രയ്‌ക്കെതിരെയും പൊലീസ് കേസെടുത്തിരുന്നു.
