
സംസ്ഥാനത്തെ സ്വകാര്യ ബസുടമകൾ അനിശ്ചിതകാല സമരത്തിലേക്ക്. യാത്രാനിരക്ക് കൂട്ടണമെന്നും മിനിമം ചാർജ് 12 രൂപയാക്കണമെന്നും ആവശ്യപ്പെട്ടാണ് ബസുടമകൾ സമരം ചെയ്യുന്നത്. വിദ്യാർഥികളുടെ മിനിമം ചാർജ് ആറു രൂപയാക്കണമെന്നും ആവശ്യമുണ്ട്.

ഈ മാസം 31ന് ഉള്ളിൽ സമരം പ്രഖ്യാപിക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ ഭാരവാഹികൾ മുന്നറിയിപ്പ് നൽകി. എല്ലാ സംഘടനകളുമായും ആലോചിക്കും. ജീവൻ മരണ പോരാട്ടം ആയതിനാലാണ് സമരത്തിലേക്ക് നീങ്ങുന്നതെന്നും ഫെഡറേഷൻ ഭാരവാഹികൾ വ്യക്തമാക്കി.
സ്വകാര്യ ബസ് വ്യവസായം മുന്നോട്ട് കൊണ്ടുപോകാൻ കഴിയാത്ത അവസ്ഥയിലാണ് ഇപ്പോഴുളളത്. ബജറ്റിൽ പ്രൈവറ്റ് ബസ് മേഖലയെ കുറിച്ച് ധനമന്ത്രി ഒരക്ഷരം മിണ്ടിയില്ല. ബജറ്റിലെ അവഗണനയിൽ ശക്തമായ പ്രതിഷേധവുമായി ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ നേരത്തേ രംഗത്തെത്തിയിരുന്നു. എന്ത് കാെണ്ടാണ് സർക്കാർ ഈ വ്യവസായത്തെ കാണാത്തതെന്നും ബസുടമകൾ ചോദിച്ചു.
