കർഷകരുമായി ചർച്ചയ്ക്ക് തയ്യാർ; പ്രതിപക്ഷം കർഷകരെ വഴിതെറ്റിക്കുന്നത് നിർത്തൂ എന്ന് പ്രധാനമന്ത്രി

  • Post category:news
  • Reading time:1 min read
You are currently viewing കർഷകരുമായി ചർച്ചയ്ക്ക്  തയ്യാർ; പ്രതിപക്ഷം കർഷകരെ വഴിതെറ്റിക്കുന്നത് നിർത്തൂ എന്ന് പ്രധാനമന്ത്രി

കാർഷിക നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന കർഷകരുമായി ചർച്ചയ്ക്ക് തയ്യാറെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കർഷകർക്ക് മുന്നിൽ വിനയത്തോടെ തല കുനിച്ച് ചർച്ചയ്ക്ക് തയ്യാറാണെന്നാണ് മോദി പറഞ്ഞത്. താങ്ങുവില ഇല്ലാതാക്കുമെന്നത് കള്ള പ്രചരണമാണെന്നും നിയമം വന്ന ശേഷവും താങ്ങുവില പ്രഖ്യാപിച്ചെന്നും മോദി അവകാശപ്പെട്ടു.

രണ്ടു പതിറ്റാണ്ടുകളായി മാറിവരുന്ന സർക്കാറുകൾ പരിഗണിക്കുന്ന കാര്യങ്ങളാണ് കാർഷിക നിയമമെന്നും പ്രതിപക്ഷത്തിന് ക്രഡിറ്റ് ലഭിക്കാത്തതിനാലാണ് എതിർക്കുന്നതെന്നും മോദി പറഞ്ഞു. ഒരു ചന്തയും പൂട്ടില്ല. കാർഷിക നിയമങ്ങൾ നടപ്പാക്കുന്നതോടെ ചന്തകൾ പൂട്ടുമെന്ന പ്രചാരണം വലിയ നുണയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിഡിയോ കോൺഫറൻസിലൂടെ മധ്യപ്രദേശിലെ കർഷകരെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി. ‘ഈ നിയമങ്ങൾ ഒറ്റ രാത്രിയിൽ കൊണ്ടുവന്നവയല്ല. കഴിഞ്ഞ 22 വർഷമായി എല്ലാ സർക്കാറുകളും സംസ്ഥാനങ്ങളും വിശദമായി ഇവ ചർച്ചചെയ്തുകൊണ്ടിരിക്കുന്നു.

കർഷക സംഘടനകൾ, കാർഷിക വിദഗ്ധർ, സാമ്പത്തിക വിദഗ്ധർ, ശാസ്ത്രജ്ഞർ തുടങ്ങിയവയെല്ലാം മാറ്റം ആവശ്യപ്പെടുന്നു. ഇന്ന് ഈ നിയമങ്ങളെ എതിർക്കുന്ന പ്രതിപക്ഷ പാർട്ടികൾ അവരുടെ പ്രകടന പത്രികയിൽ ഈ വാഗ്ദാനങ്ങളും ഉറപ്പുനൽകിയിരുന്നു. ഈ രാഷ്ട്രീയ പാർട്ടികൾക്കെല്ലാം ഇന്ന് വേദനിക്കുന്നുണ്ട്.

മോദിക്കെങ്ങനെ ഇവ ചെയ്യാൻ സാധിക്കുന്നു, തങ്ങൾക്ക് എന്തുകൊണ്ട് ഇവ ചെയ്യാൻ സാധിച്ചില്ല, എന്തുകൊണ്ട് അദ്ദേഹത്തിന് മാത്രം മതിപ്പ് പോകുന്നു, എന്നെല്ലാം അവരോട് അവർ തന്നെ സ്വയം ചോദിച്ചുകൊണ്ടിരിക്കുകയാണ്. ഞാൻ അവരോട് പറയുകയാണ്. മതിപ്പ് നിങ്ങൾ എടുത്തോളൂ… നിങ്ങളുടെ സ്വന്തം പ്രകടന പത്രികകൾക്കാണ് ഞാൻ ക്രഡിറ്റ് നൽകുന്നത്. എനിക്ക് ഇതിൽ യാതൊരു മതിപ്പും വേണ്ട. ഞാൻ കർഷകരുടെ ജീവിത നിലവാരം ഉയരണമെന്ന് മാത്രം ആഗ്രഹിക്കുന്നു. കർഷകരെ വഴിതെറ്റിക്കുന്നത് നിർത്തൂ’ -മോദി കൂട്ടിച്ചേർത്തു.

0Shares