
ബംഗാളിലെ കാളി വിവാദത്തിൽ പരോക്ഷ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കാളി ദേവിയുടെ അനുഗ്രഹം ഇന്ത്യയ്‌ക്കൊപ്പമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. രാമകൃഷ്ണ മഠത്തിൻ്റെ 15-ാമത് അദ്ധ്യക്ഷനായിരുന്ന സ്വാമി ആത്മസ്ഥാനന്ദയുടെ ശതാബ്ദി ആഘോഷങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
സ്വാമി രാമകൃഷ്ണ പരമഹംസൻ കാളി ദേവിയുടെ അനുഗ്രഹം ലഭിച്ച സന്യാസിയായിരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ബംഗാളിലെ കാളി പൂജയെ കുറിച്ചും സ്വാമി വിവേകാനന്ദനയെ കുറിച്ചും പ്രധാനമന്ത്രി ചടങ്ങിൽ സംസാരിച്ചു. സ്വാമി വിവേകാനന്ദൻ എത്രയോ വലിയ മനുഷ്യനാണ്. എന്നാൽ കാളി ദേവിയോടുള്ള ഭക്തിയിൽ അദ്ദേഹം ഒരു കൊച്ചു കുട്ടിയെ പോലെയായിരുന്നു.

അത്തരത്തിലെ അചഞ്ചലമായ വിശ്വാസം സ്വാമി ആത്മസ്ഥാനന്ദയിലും ഉണ്ടായിരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ലീന മണി മേഖലയുടെ ‘കാളി’ എന്ന് പേരിട്ടിരിക്കുന്ന ഡോക്യുമെന്ററിയുടെ പോസ്റ്റർ പുറത്തുവിട്ടതോടെയാണ് വിവാദങ്ങൾ തുടങ്ങുന്നത്. പോസ്റ്ററിൽ സിഗരറ്റ് വലിക്കുന്ന കാളി ദേവിയെയാണ് കാണാനാവുക.
