
കോവിഡ് രണ്ടാം തരംഗം കൊടുങ്കാറ്റ് പോലെയെന്ന് പ്രധാനമന്ത്രി. കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. വൈറസിന്‍റെ വെല്ലുവിളി വലുതാണ്. പക്ഷെ നമ്മൾ മറികടക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

ഓക്സിജന്റെയും മരുന്നിന്‍റെയും വിതരണം വർദ്ധിപ്പിക്കാൻ സർക്കാർ സ്വകാര്യമേഖലയിൽ ഉത്പാദനം വർദ്ധിപ്പിക്കും. രണ്ടാം തരംഗം കൊടുങ്കാറ്റായി വന്നു. ഡോക്ടർമാരും,നഴ്സുമാരും, പൊലീസും,ആംബുലൻസ് ഡ്രൈവർമാരും എല്ലാവരും കോവിഡിനെതിരായുള്ള പോരാട്ടത്തിലാണ്. രാത്രിയും പകലും കോവിഡിനെതിരായുള്ള പോരാട്ടത്തിലാണ് രാജ്യം. കോവിഡിനെതിരെ പോരാട്ടം നടത്തുന്ന എല്ലാവരെയും അഭിനന്ദിക്കുന്നതായി അദ്ദേഹം പറഞ്ഞു.
അവർ ജീവനും കുടുംബവും മറന്നാണ് സേവനം ചെയ്യുന്നതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഓക്സിജൻ ക്ഷാമം രാജ്യത്ത് പലയിടത്തുമുണ്ട്. ആവശ്യമായ രീതിയിൽ ഓക്സിജൻ വിതരണം ഉറപ്പാക്കാൻ ശ്രമം നടന്നു വരുന്നു. കോവിഡ് അനുബന്ധ ചികിൽസയ്ക്കായി രാജ്യത്ത് പലയിടത്തും അധിക സൗകര്യങ്ങൾ ഏർപ്പെടുത്തി വരുന്നു.
മരുന്നുകമ്പനികൾ ഉത്പാദനം വർദ്ധിപ്പിച്ചു. മികച്ച മരുന്നു കമ്പനികൾ ഉള്ളതിൽ നമ്മൾ ഭാഗ്യം ചെയ്തവരാണ്. കോവിഡിന് ലോകത്ത് ഏറ്റവും വില കുറവായ മരുന്നുകൾ ഇന്ന് ഭാരതത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
