ബജറ്റ് 2023; പെട്രോൾ ഡീസൽ വാഹനം വില കൂടും; മദ്യത്തിനും കൂടി, വൈദ്യുതി തീരുവയും ഭൂമിയുടെ ന്യായവിലയും കൂട്ടി, സംസ്ഥാനത്തെ ഹെൽത്ത് ഹബ്ബാക്കും

  • Post category:Kerala / news
  • Reading time:2 mins read
You are currently viewing ബജറ്റ് 2023; പെട്രോൾ ഡീസൽ വാഹനം വില കൂടും; മദ്യത്തിനും കൂടി, വൈദ്യുതി തീരുവയും ഭൂമിയുടെ ന്യായവിലയും കൂട്ടി, സംസ്ഥാനത്തെ ഹെൽത്ത് ഹബ്ബാക്കും

തിരുവനന്തപുരം: സംസ്ഥാന ബജറ്റ് ധനമന്ത്രി കെ.എൻ ബാലഗോപാൽ അവതരിപ്പിച്ചു. പെട്രോളിനും ഡീസലിനും മദ്യത്തിനും സാമൂഹ്യ സുരക്ഷാ സെസ് ഏർപ്പെടുത്തി. വൈദ്യുതി തീരുവ കൂട്ടി. ഭൂമിയുടെ ന്യായവിലയും വർധിപ്പിച്ചു. ബജറ്റ് പകൽകൊള്ളയെന്ന് പ്രതിപക്ഷം പ്രതികരിച്ചു. ഇക്കാര്യം ഉന്നയിച്ച് പ്രതിപക്ഷം നിയമസഭയിൽ ബഹളം വെച്ചു.

ജനപ്രിയ പ്രഖ്യാപനങ്ങളില്ലാതെ നികുതിയിലും ഫീസുകളിലും വർധന വരുത്തിയാണ് ബജറ്റ്. ഇന്ധനവില രണ്ട് രൂപ കൂടും. വിവിധ സർക്കാർ സേവനങ്ങൾക്കുള്ള ഫീസിലും വർധനവുണ്ട്. ഭൂമിയുടെ ന്യായവില 20 ശതമാനം വർധിപ്പിച്ചു. മദ്യവില 20 മുതൽ 40 രൂപ വരെയാണ് കൂട്ടിയത്.

ഒറ്റത്തവണ വാഹന നികുതിയിലും രണ്ട് ശതമാനം വർധന വരുത്തി. അതേസമയം ക്ഷേമപെൻഷൻ കൂടില്ല. 1600 രൂപ തന്നെ പെൻഷൻ തുടരും. റബ്ബർ കർഷകർക്ക് സബ്‌സിഡി തുക വർധിപ്പിക്കും. നാളികേരത്തിനും അടക്കക്കും തറവില വർധിപ്പിച്ച് കർഷകർക്ക് ആശ്വാസം നൽകും.

കെട്ടിടനികുതി കൂട്ടി

തദ്ദേശസ്ഥാപനങ്ങളിലെ കെട്ടിടനികുതി കൂട്ടി പരിഷ്‌കരിക്കുമെന്ന് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു. ഒന്നിലധികം വീടുകളുള്ളവർക്ക് പ്രത്യേക നികുതി ഏർപ്പെടുത്തും. കെട്ടിട നികുതി, അപേക്ഷാഫീസ്, പരിശോധന ഫീസ്, പെര്‍മിറ്റ് ഫീസ് എന്നിവ പരിഷ്‌കരിക്കും. സമഗ്രമായ പരിഷ്‌കരണം നടപ്പിലാക്കും.

സംസ്ഥാനത്തെ ഹെൽത്ത് ഹബ്ബാക്കും

സംസ്ഥാനത്തെ ഹെൽത്ത് ഹബ്ബായി മാറ്റിയെടുക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാൽ. ആരോഗ്യ പരിചരണത്തിന് 30 കോടി ബജറ്റിൽ മാറ്റിവെച്ചു. പേ വിഷത്തിനെതിരെ തദ്ദേശിയമായി വാക്സിൻ വികസിപ്പിക്കാൻ അഞ്ചു കോടി അനുവദിച്ചു. ആരോഗ്യ മേഖലയ്ക്കായി 2828.33 കോടി അനുവദിക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കി.

മോട്ടോർ വാഹന ഡെസ് കൂട്ടി

മോട്ടോർ വാഹന ഡെസ് കൂട്ടി. ഇതോടെ വാഹനങ്ങൾക്ക് വില കൂടും. കോടതി വ്യവഹാരങ്ങൾക്കും ചെലവേറും. കോടതി ഫീസ് വര്‍ധിപ്പിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം.

ക്ഷേമ പെൻഷൻ ​വർധനയില്ല

സാമൂഹിക ക്ഷേമ പെൻഷൻ വർധിപ്പിക്കില്ല. 1600 രൂപ വീതം ലഭിക്കുന്നത് 62 ലക്ഷം പേർക്കാണ് നിലവിൽ നല്‍കുന്നത്. നവകേരളം പദ്ധതിക്ക് 10 കോടി രൂപയും റീ ബിൽഡ് കേരളയ്ക്ക് 904.8 കോടി രൂപയും അനുവദിച്ചു.

ശബരിമല മാസ്റ്റർ പ്ലാനിന് 30 കോടി

ശബരിമല മാസ്റ്റർ പ്ലാനിലെ വിവിധ പദ്ധതിക്കായി 30 കോടി രൂപ സംസ്ഥാന ബജറ്റിൽ വകയിരുത്തി. എരുമേലി മാസ്റ്റർ പ്ലാനിന് 10 കോടി രൂപയും അനുവദിച്ചു.

വർക്ക് നിയർ ഹോമിന് 50 കോടി

വര്‍ക്ക് നിയര്‍ ഹോം സംവിധാനത്തിനായി സംസ്ഥാന ബജറ്റില്‍ 50 കോടി രൂപ വകയിരുത്തി. വര്‍ക്ക് ഫ്രം ഹോളിഡേ ഹോം പദ്ധതിക്കായി പത്തുകോടി രൂപയും വിദ്യാർത്ഥികള്‍ക്കുള്ള അന്താരാഷ്ട്ര സ്‌കോളര്‍ഷിപ്പിനായി പത്തുകോടി രൂപയും നീക്കിവെയ്ക്കുന്നതായും ധനമന്ത്രി പ്രഖ്യാപിച്ചു. കോവിഡുമായി ബന്ധപ്പെട്ട് ലോകമാകെ വിജയകരമായി നടപ്പിലാക്കിയ തൊഴില്‍ സംവിധാനമാണ് വര്‍ക്ക് നിയര്‍ ഹോം. കോവിഡിന് ശേഷവും പുതിയൊരു തൊഴില്‍ സംസ്‌കാരമായി വര്‍ക്ക് നിയര്‍ ഹോം ഉയര്‍ന്നുവരുന്നു.

മെൻസ്ട്രുവൽ കപ്പ് പ്രോത്സാഹിപ്പിക്കാൻ 10 കോടി

വിദ്യാഭ്യാസ മേഖലയ്ക്ക് 1773.09 കോടി രൂപ വകയിരുത്തി. സൗജന്യ യൂണിഫോമിന് 140 കോടിയും ഉച്ച ഭക്ഷണത്തിന് 344. 64 കോടി രൂപയും അനുവദിച്ചു. മെൻസ്ട്രുവൽ കപ്പ് പ്രോത്സാഹിപ്പിക്കാൻ 10 കോടി രൂപയും ബജറ്റിൽ വകയിരുത്തി.

കെഎസ്ആർടിസിക്ക് 131 കോടി രൂപ

റോഡ് ഗതാഗത മേഖലക്ക് ആകെ 184.07 കോടി രൂപ സംസ്ഥാന ബജറ്റിൽ വകയിരുത്തിയതായി ധനമന്ത്രി കെ.എൻ ബാലഗോപാൽ. ഇതിൽ നിന്ന് കെ.എസ്.ആർ.ടി.സിക്ക് 131 കോടി രൂപയും മോട്ടോർ വാഹന വകുപ്പിന് 44.07 കോടി രൂപയും ബജറ്റിൽ വകയിരുത്തി.

0Shares