
ശബരിമല: ഈ വർഷത്തെ മകരവിളക്ക് മഹോത്സവം തിങ്കളാഴ്‌ച നടക്കും. മകരവിളക്ക് ദർശനത്തിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ദര്‍ശനത്തിനായി പത്ത് വ്യൂ പോയിണ്ടുകള്‍ ക്രമീകരിച്ചിട്ടുണ്ട്. പാണ്ടിത്താവളം, വാട്ടര്‍ ടാങ്കിന് മുന്‍വശം, മരാമത്ത് കോംപ്ലക്‌സിന് മുന്‍വശത്തെ തട്ടുകള്‍, ബി.എസ്.എന്‍.എല്‍ ഓഫീസിന് വടക്കുഭാഗം, കൊപ്രാക്കളം, സന്നിധാനം തിരുമുറ്റം മുകള്‍ഭാഗവും താഴെയും, മാളികപ്പുറം ക്ഷേത്രപരിസരം, അപ്പാച്ചിമേട്, അന്നദാന മണ്ഡപത്തിന് മുന്‍വശം, ഇന്‍സിനറേറ്ററിന് മുന്‍വശം തുടങ്ങിയവയാണ് വ്യൂ പോയിണ്ടുകള്‍.
വ്യൂ പോയിണ്ടുകളിൽ തീർഥാടകർക്ക് മതിയായ സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിൻ്റെയും ദേവസ്വം അധികൃതരുടെയും നേതൃത്വത്തില്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചാണ് മകരവിളക്ക് ദർശനത്തിനുള്ള സംവിധാനം ഒരുക്കിയത്.
ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ സൗജന്യ ഭക്ഷണ വിതരണവും നടത്തും. പതിവായി നടത്തുന്ന അന്നദാനത്തിന് പുറമേയാണിത്. ചുക്കുവെള്ള വിതരണത്തിന് 66 പോയിണ്ടുകള്‍ സജ്ജമാക്കി.

മകരവിളക്കിന് ശേഷം മടങ്ങുന്ന തീർഥാടകർക്കായി കെ.എസ്.ആർ.ടി.സി 800 ബസുകളാണ് പമ്പയിൽ നിന്ന് സർവീസ് നടത്തുക. സംസ്ഥാനത്തെ വിവിധ ഡിപ്പോകളിൽ നിന്നാണ് ബസുകൾ പമ്പയിൽ എത്തിക്കുക. പമ്പ ഹില്‍ടോപ്പ് മുതല്‍ ഇലവുങ്കല്‍ വരെ നിശ്ചിത സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്യുന്ന ബസുകള്‍ ഇടതടവില്ലാതെ സര്‍വീസ് നടത്തും.
ഉത്സവശേഷം നടയടയ്ക്കുന്ന 20ന് രാത്രിവരെ ചെയിന്‍ സര്‍വീസുകളും 21ന് പുലര്‍ച്ചെ നാലുവരെ ദീര്‍ഘദൂര സര്‍വീസുകളും നടത്തുമെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ അറിയിച്ചു.
സന്നിധാനത്തും മറ്റ് അനുബന്ധ പ്രദേശങ്ങളിലുമായി ഫയർഫോഴ്‌സിൻ്റെ 35 സ്ട്രക്ച്ചർ ടീം രംഗത്ത് ഉണ്ടാകുമെന്ന് സ്പെഷ്യൽ ഓഫീസർ അരുൺ ഭാസ്കർ പറഞ്ഞു. മകരവിളക്കിന് മുന്നോടിയായി സിവിൽ ഡിഫൻസ് വൊളണ്ടിയർമാർക്ക് ആവശ്യമായ മാർഗ നിർദ്ദേശങ്ങൾ നൽകുന്നതിനായി ചേർന്ന യോഗത്തിൽ സംസാരിക്കുക ആയിരുന്നു അദ്ദേഹം.
കുഴഞ്ഞു വീഴുന്നവരെയും മറ്റ് ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവരെയും അടിയന്തരമായി ആരോഗ്യ കേന്ദ്രത്തിൽ എത്തിക്കുകയാണ് സ്ട്രക്ച്ചർ ടീമിൻ്റെ ദൗത്യം. വിവിധ പോയിന്റുകളിൽ 24 മണിക്കൂറും ഇവർ സജ്ജരായിരിക്കും. സിവിൽ ഡിഫൻസ് വൊളണ്ടിയർമാരെയും ആപ്‌ത മിത്ര വളണ്ടിയർമാരെയും ഉൾപ്പെടുത്തിയാണ് സ്ട്രക്ച്ചർ ടീമിൻ്റെ പ്രവർത്തനം.
അതിനിടെ, മകരവിളക്കിന് ശബരിമല അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണങ്ങള്‍ അടങ്ങിയ പേടകങ്ങളുമായുള്ള ഘോഷയാത്ര പന്തളത്ത് നിന്ന് കഴിഞ്ഞ ദിവസം പുറപ്പെട്ടു. തിങ്കളാഴ്‌ച വൈകിട്ട് സന്നിധാനത്ത് എത്തിച്ചേരും. തുടര്‍ന്ന് മകരവിളക്കിന് ആഭരണങ്ങള്‍ ചാര്‍ത്തിയാണ് ദീപാരാധന നടക്കുക.
