
തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ മൂലമുണ്ടായ നഷ്ടം ഈടാക്കാനുള്ള ജപ്‌തി നടപടി ജനവരി 21 ശനിയാഴ്‌ചയ്ക്കകം പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം. ജില്ലാ കളക്ടര്‍മാര്‍ക്ക് ലാന്‍ഡ് റവന്യു കമ്മീഷണര്‍ ടി.വി അനുപമയാണ് നിര്‍ദേശം നല്‍കിയത്. പോപ്പുലര്‍ ഫ്രണ്ട് ഭാരവാഹികളുടെ സ്ഥാവര ജംഗമ വസ്തുക്കള്‍ ജപ്‌തി ചെയ്യാന്‍ വൈകുന്നതില്‍ ഹൈക്കോടതി അതൃപ്‌തി രേഖപ്പെടുത്തിയ പശ്ചാത്തലത്തിലാണ് നടപടി.
ഹൈക്കോടതിയില്‍ ജനവരി 23 തിങ്കളാഴ്‌ച റിപ്പോര്‍ട്ട് നല്‍കേണ്ട സാഹചര്യത്തിലാണ്. നടപടി വേഗത്തിലാക്കുന്നത്. പോപ്പുലര്‍ ഫ്രണ്ട് ഭാരവാഹികളുടെ വാഹനം, വീട്, മറ്റു സ്ഥാപനങ്ങള്‍, ബാങ്ക് അക്കൗണ്ടുകള്‍, തുടങ്ങി ഏതു സ്ഥാവര- ജംഗമ വസ്തുക്കളും ജപ്‌തി ചെയ്യാന്‍ കലക്ടര്‍മാര്‍ക്ക് അധികാരമുണ്ട്.

ജനവരി 21 ശനിയാഴ്‌ച വൈകിട്ട് അഞ്ചിനകം ജപ്‌തി നടത്തി ജില്ലാ കളക്‌ടര്‍മാര്‍ റിപ്പോര്‍ട്ട് നല്‍കണം. ജപ്‌തിക്ക് മുന്നോടിയായി നോട്ടീസ് നല്‍കില്ല. ജപ്‌തിക്ക് ശേഷം വസ്തുക്കള്‍ ലേലം ചെയ്യണമെന്നും ലാന്‍ഡ് റവന്യു കമ്മീഷണറുടെ ഉത്തരവില്‍ പറയുന്നു.
ആഭ്യന്തര വകുപ്പില്‍ നിന്നും പേരുവിവരം ലഭിക്കുന്നതിനനുസരിച്ചാണ് കലക്ടര്‍മാര്‍ക്ക് ജപ്‌തി നടപടികളിലേക്ക് കടക്കാനാവുക. ജപ്‌തി ചെയ്യാനുള്ള സ്ഥാവര ജംഗമ വസ്തുക്കളുടെ ജില്ലാ തിരിച്ചുള്ള റിപ്പോര്‍ട്ടും അപേക്ഷയും ആഭ്യന്തരവകുപ്പ് ഇതുവരെ വരെ നല്‍കിയിരുന്നില്ല. തിങ്കളാഴ്‌ച റിപ്പോര്‍ട്ട് നല്‍കേണ്ട സാഹചര്യം പരിഗണിച്ച് ആഭ്യന്തര വകുപ്പും നടപടികള്‍ വേഗത്തില്‍ ആക്കിയിട്ടുണ്ട്.
