
നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താൽ വലിയ രീതിയിലുള്ള അക്രമ സംഭവങ്ങളിലൂടെയാണ് കടന്നു പോകുന്നത്. രാവിലെ സമാധാനപരമായിരുന്നു ഹർത്താൽ ആരംഭിച്ചതെങ്കിലും പിന്നീട് കാര്യങ്ങൾ അക്രമങ്ങളിലേക്ക് പോകുകയായിരുന്നു. ഹർത്താൽ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകം വ്യാപക അക്രമം അരങ്ങേറിയ കണ്ണൂർ ജില്ലയിൽ ഹർത്താൽ അനുകൂലികളെ നമരിടാൻ ഒടുവിൽ ജനങ്ങൾ തന്നെ രംഗത്തിറങ്ങി.
കടകൾ അടപ്പിക്കാൻ ശ്രമിച്ച് ഭീഷണിപ്പെടുത്തിയ നാല് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ പയ്യന്നൂരിൽ നാട്ടുകാർ പിടികൂടി ക്രൂരമായി മർദ്ദിച്ചു. തൃക്കരിപ്പൂർ സ്വദേശി മുബഷീർ, ഒളവറ സ്വദേശി മുനീർ, രാമന്തളി സ്വദേശി കളായ ഷുഹൈബ്, നർഷാദ് എന്നിവരെയാണ് ജനങ്ങൾ മർദ്ദിച്ചത്. മർദ്ദനമേറ്റ് ഇവർ ഗുരുതരാവസ്ഥയിലാണെന്ന് റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.

നാട്ടുകാരുടെ പിടിയിൽനിന്നും പൊലീസ് ഇവരെ കസ്‌റ്റഡിയിലെടുത്താണ് ആശുപത്രിയിലേക്ക് മാറ്റിയത്. ഇവർ നാലു പേരും പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണെന്ന് പൊലീസ് വ്യക്തമാക്കി. ഹർത്താലിൽ ബോംബുകൾ ഉപയോഗിക്കുന്ന കാഴ്ചകൾക്കും കേരളം വേദിയായി. നേരത്തെ കല്യാശേരിയിൽ പെട്രോൾ ബോംബുമായി ഇരുചക്ര വാഹനങ്ങളിൽ എത്തിയ അക്രമികളെ ജനങ്ങൾ തടഞ്ഞിരുന്നു.
ആക്രമണം ലക്ഷ്യമിട്ടെത്തിയ അഞ്ചുപേരെയാണ് നാട്ടുകാർ കൂട്ടമായി തടഞ്ഞത്. ജനങ്ങൾ തടഞ്ഞതോടെ ഇവർ ഓടിരക്ഷപ്പെടുകയായിരുന്നു. ഇതിൽ ഒരാൾ പൊലീസ് പിടിയിലായി. കല്യാശേരി-മാങ്ങാട് റോഡിലാണ് സംഭവം നടന്നത്.
