
ബദിയഡുക്ക / കാസർകോട്: വീട്ടിലെ പൂജാമുറിയില്‍ രഹസ്യ അറയുണ്ടാക്കി സൂക്ഷിച്ചിരുന്ന മദ്യശേഖരം പിടികൂടി എക്സൈസ്. കുംബഡാജെ ഗാഡിഗുഡെയിലെ എം ശ്രീധരൻ്റെ മുള്ളേരിയ- ചാക്കിൻ്റെടി റോഡിന് സമീപത്തെ വീട്ടിലെ പൂജാമുറിയിലാണ് മദ്യം സൂക്ഷിച്ചിരുന്നത്. പൂജാമുറിയുടെ അടിയില്‍ രഹസ്യ അറയുണ്ടാക്കുകയായിരുന്നു.

കാര്‍ഡ് ബോര്‍ഡ് പെട്ടികളിലായാണ് മദ്യം സൂക്ഷിച്ചത്. 32 പെട്ടികളിലായി 276.48 ലിറ്റര്‍ കര്‍ണാടക നിര്‍മിത മദ്യമാണ് സൂക്ഷിച്ചിരുന്നത്.
ബദിയടുക്ക എക്‌സൈസ് റെയിഞ്ച് പ്രിവന്റീവ് ഓഫീസര്‍ കെ.എം പ്രദീപിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് മദ്യശേഖരം പിടിച്ചെടുത്തത്. പരിശോധനയില്‍ പൂജാമുറിയിലെ രഹസ്യ അറ കണ്ടെത്തിയതോടെ ശ്രീധരന്‍ വീട്ടില്‍ നിന്ന് ഇറങ്ങിയോടി. ഇയാളെ പിടികൂടാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
