
തമിഴ്‌നാട്ടിലെ 47 ക്ഷേത്രങ്ങളില്‍ ഇനി മുതല്‍ സംസ്‌കൃതത്തിനൊപ്പം തമിഴിലും പൂജ നടത്തും. എംകെ സ്റ്റാലിന്‍റെ നേതൃത്വത്തിലുള്ള ഡി.എം.കെ സര്‍ക്കാര്‍ അവതരിപ്പിച്ച ‘അണ്ണൈ തമിഴില്‍ അര്‍ച്ചനൈ’ യുടെ ഭാഗമായാണ് പരിഷ്‌കരണം. ക്ഷേത്രങ്ങളിലെ പുരോഹിതന്മാര്‍ക്ക് തമിഴില്‍ പൂജയും അര്‍ച്ചനയും നടത്തുന്നതിനായി പ്രത്യേകം പരിശീലനം നല്‍കിക്കഴിഞ്ഞു.

തമിഴില്‍ പൂജ നടത്താനാഗ്രഹിക്കുന്ന ഭക്തരുടെ സൗകര്യാര്‍ഥം പരിശീലനം നേടിയ പൂജാരിമാരുടെ പേരും മൊബൈല്‍ നമ്പറും ക്ഷേത്രങ്ങളുടെ മുന്‍വശത്ത് പ്രദര്‍ശിപ്പിക്കും. തമിഴിലെ അര്‍ച്ചനയ്‌ക്കൊപ്പം സംസ്‌കൃതഭാഷയിലെ പ്രാര്‍ഥനയും ക്ഷേത്രങ്ങളില്‍ തുടരും.
പുരോഹിതന്‍റെ മന്ത്രോച്ചാരണങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കുമ്പോള്‍ പ്രാര്‍ഥനയില്‍ കൂടുതല്‍ മുഴുകാനാവുമെന്നും അതിനാല്‍ സംസ്‌കൃതത്തിന് പകരം തമിഴില്‍ പൂജ തിരഞ്ഞെടുക്കുമെന്നും ഭക്തര്‍ പ്രതികരിച്ചു. 1974 മുതലേ ക്ഷേത്രങ്ങളില്‍ പൂജയും പ്രാര്‍ഥനയും തമിഴില്‍ വേണമെന്ന ആവശ്യം ശക്തമായുണ്ട്. ഇതേത്തുടര്‍ന്നാണ് സ്റ്റാലിന്‍റെ നിര്‍ദേശപ്രകാരം ഇത് ഔദ്യോഗികമായി നടപ്പിലാക്കിയത്.
