
കൊച്ചി: കുപ്രസിദ്ധ ഗുണ്ട തമ്മനം ഫൈസലിൻ്റെ വിരുന്നില്‍ പങ്കെടുത്ത സംഭവത്തില്‍ ആലപ്പുഴ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി എം.ജി സാബുവിനെതിരെ ഒപ്പമുണ്ടായിരുന്ന പൊലീസുകാര്‍. സിനിമാ നടനായ ‘സുഹൃത്തിൻ്റെ’ വീട്ടിലേക്കെന്ന് പറഞ്ഞാണ് ഡി.വൈ.എസ്.പി തങ്ങളെ കൊണ്ടു പോയതെന്ന് സസ്‌പെന്‍ഷനിലായ പൊലീസുകാര്‍ വിശദീകരണം നല്‍കിയതായാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ ഡി.വൈ.എസ്.പിയെയും സസ്‌പെണ്ട് ചെയ്‌തിട്ടുണ്ട്.
എന്നാല്‍ പൊലീസുകാരുടെ ആഗ്രഹപ്രകാരം അവിടെ പോകുകയായിരുന്നു എന്നാണ് ഡി.വൈ.എസ്.പി പറയുന്നത്. ഈയിടെ റിലീസായ സിനിമയില്‍ ഫൈസല്‍ അഭിനയിച്ചിരുന്നു. ഫൈസലിനെ കാണണമെന്ന പൊലീസുകാരുടെ ആഗ്രഹപ്രകാരം അവിടെ പോകുകയായിരുന്നു എന്നാണ് ഡി.വൈ.എസ്.പി മേലധികാരികള്‍ക്ക് നല്‍കിയ വിശദീകരണത്തില്‍ വ്യക്തമാക്കുന്നത്.

ഈ മാസം 31ന് വിരമിക്കാനിരിക്കെയാണ് സാബുവും പൊലീസുകാരും കുപ്രസിദ്ധ ഗുണ്ട തമ്മനം ഫൈസലിൻ്റെ അങ്കമാലി പുളിയനം കാട്ടുചിറയിലെ വീട്ടില്‍ നടന്ന റെയ്‌ഡില്‍ കുടുങ്ങിയത്. യാത്രയയപ്പിൻ്റെ ഭാഗമായി മസിനഗുഡി ടൂര്‍ കഴിഞ്ഞു മടങ്ങുമ്പോഴാണ് ഞായറാഴ്‌ച വൈകീട്ട് ഡി.വൈ.എസ്.പിയും സംഘവും ഫൈസലിൻ്റെ വീട്ടിലെത്തിയത്. അല്‍പസമയത്തിനകം യൂണിഫോമിലുള്ള പൊലീസ് സംഘം വരുന്നതുകണ്ട് ഡി.വൈ.എസ്.പി ശുചിമുറിയില്‍ ഒളിച്ചു.
ഫൈസലിനെ പൊലീസുകാര്‍ക്കു മുന്‍പരിചയം ഇല്ലായിരുന്നുവെന്ന് ഏതാണ്ട് ബോധ്യമായിട്ടുണ്ട്. ഡി.വൈ.എസ്.പി സാബു മുമ്പ് എറണാകുളം റൂറലില്‍ ജോലി ചെയ്‌തിട്ടുണ്ട്. എസ്.ഐക്ക് ഡി.വൈ.എസ്.പിയെ കസ്റ്റഡിയിലെടുക്കാന്‍ അധികാരമില്ലെന്ന് പറഞ്ഞ് സാബു ഭീഷണിപ്പെടുത്തിയതായും വിവരമുണ്ട്. സ്റ്റേഷനിലെത്തിച്ച ശേഷം ഫൈസലിനെയും വീട്ടിലെ ജോലിക്കാരന്‍ ഷബ്‌നാസിനെയും കരുതല്‍ അറസ്റ്റോടെയും പൊലീസുകാർ വിവരങ്ങള്‍ രേഖപ്പെടുത്തിയും വിട്ടയച്ചിരുന്നു.
