
ബദിയടുക്ക / കാസർകോട്: ക്വാര്‍ട്ടേഴ്‌സ് ഉടമയുടെ മരണം തലക്കേറ്റ മാരക മുറിവ് മൂലമെന്ന് പോലീസ്. സംഭവത്തില്‍ ഇതര സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നു.
ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സീതാംഗോളി പിലിപ്പള്ളയില്‍ കൊല്ലപ്പെട്ട ക്വാര്‍ട്ടേഴ്‌സ് ഉടമ ചൗക്കാറിലെ തോമസ് ക്രാസ്റ്റ(63)യുടെ മൃതദേഹം വീട്ടില്‍ നിന്നും അല്‍പ്പം മാറി തൊഴിലാളികള്‍ താമസിക്കുന്ന ഷെഡ്ഡിന് സമീപത്തെ സെപ്റ്റിക് ടാങ്കില്‍ നിന്ന് ഞായറാഴ്‌ച ഉച്ചയോടെ പുറത്തെടുത്തു.
ചാക്കില്‍ കെട്ടി സെപ്റ്റിക്ക് ടാങ്കില്‍ തള്ളിയ നിലയിലായിരുന്നു മൃതദേഹം. തലയിലും കൈയിലും കാലിലും മാരകമായി പരിക്കേറ്റതായി ബദിയടുക്ക പൊലീസ് നടത്തിയ ഇന്‍ക്വസ്റ്റില്‍ കണ്ടെത്തി.

നാല് ദിവസമായി തോമസ് ക്രാസ്റ്റയെ കാണാനില്ലായിരുന്നു. പ്രദേശവാസികള്‍ അന്വേഷണം നടത്തുന്നതിനിടെയാണ് ശനിയാഴ്‌ച വൈകിട്ട് സെപ്റ്റിക്ക് ടാങ്കിൻ്റെ സ്ലാബ് ഇളകിയ നിലയിലും അകത്ത് ചാക്ക് കെട്ടിലാക്കി മൃതദേഹവും കണ്ടെത്തിയത്. രൂക്ഷമായ ദുര്‍ഗന്ധവും വമിക്കുന്നുണ്ടായിരുന്നു. പിന്നീട് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.
ബദിയടുക്ക പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. പ്രദേശത്ത് താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ച് സൈബര്‍ സെല്ലിൻ്റെ സഹായത്തോടെയാണ് അന്വേഷണം. ഏതാനും ചിലരെ ചോദ്യം ചെയ്‌തു. അതിനിടെ സമ്പന്നനായ തോമസ് ക്രാസ്റ്റ വീട്ടില്‍ തനിച്ചായിരുന്നു താമസം. പൈവളിഗെ കയ്യാര്‍ സ്വദേശിനിയായ ഭാര്യ 25 വര്‍ഷം മുമ്പ് വിവാഹ ബന്ധം വേര്‍പ്പെടുത്തിയിരുന്നു. അതിന് ശേഷം തനിച്ചായിരുന്നു താമസം. ചിലപ്പോഴൊക്കെ ഏതാനും സുഹൃത്തുകളും ഒപ്പമുണ്ടായിരുന്നു, ബദിയടുക്ക പൊലീസ് ചാനൽ ആർ.ബിയോട് പറഞ്ഞു
ബോര്‍വെല്‍ ഏജൻ്റെയും ആവശ്യക്കാര്‍ക്ക് വെള്ളത്തിൻ്റെ സ്ഥാനം കണ്ടെത്തി നല്‍കുകയും അടക്കമുള്ള ജോലികള്‍ ചെയ്തിരുന്നു. രണ്ട് വീടുകളും രണ്ട് അപ്പാര്‍ട്ട്‌മെണ്ടുകളും സ്വന്തമായുണ്ട്. തോമസിന് കീഴില്‍ നിരവധി തൊഴിലാളികളുണ്ട്. ഇതിലേറെയും ഇതര സംസ്ഥാന തൊഴിലാളികളാണ്. തൊഴിലാളികള്‍ക്ക് താമസിക്കുന്നതിന് പ്രത്യേകം ഷെഡ് പണിത് നല്‍കിയിരുന്നു. ഈ ഷെഡിന് സമീപത്തെ സെപ്റ്റിക് ടാങ്കിലാണ് കഴിഞ്ഞ ദിവസം മൃതദേഹം കണ്ടെത്തിയത്. കാലവര്‍ഷം തുടങ്ങിയതോടെ ജോലി കുറവാണെന്ന് പറഞ്ഞ് നാല് ദിവസം മുമ്പാണത്രെ തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങിയത്.
തോമാസിൻ്റെ വീട് പൂട്ടിയ നിലയിലുമാണ്. അതിനാല്‍ ഷെഡിനരികിലേക്ക് വിളിച്ചുവരുത്തി കൊല നടത്തിയതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. അതേ സമയം സമ്പന്നനായ തോമസ് പണം കൈവശം വെക്കുന്നതല്ലാതെ ബാങ്ക് ഇടപാട് നടത്താറില്ലായിരുന്നുവെന്നാണ് വിവരം. പണം കവര്‍ച്ച ചെയ്‌തതിന് ശേഷം തോമസിനെ കൊലപ്പെടുത്തിയത് ആകാമെന്ന സംശയവും ബലപ്പെടുന്നു.
