
തിരുവനന്തപുരം: സമൂഹ മാധ്യമത്തിലൂടെ ഏഷ്യാനെറ്റ് ന്യൂസ് എക്സിക്യൂട്ടിവ് എഡിറ്റര്‍ സിന്ധു സൂര്യകുമാറിനെ ലൈംഗികമായി അധിക്ഷേപിച്ചതുമായി ബന്ധപ്പെട്ട് മുന്‍ സബ് ജഡ്‌ജി എസ്.സുദീപിനെതിരെ പൊലീസ് കേസെടുത്തു. തിരുവനന്തപുരം കണ്ടോണ്‍മെണ്ട് പൊലീസാണ് കേസെടുത്തത്. ഐ.പി.സി 354 എ (iv), 67 ഐ.ടി ആക്‌ട് 2000 എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്‌തത്.
ജൂലൈ 8ന് ഫേസ്ബുക്കിലെഴുതിയ പോസ്റ്റിലൂടെയാണ് സിന്ധു സൂര്യകുമാറിനെതിരെ എസ്.സുദീപ് പരാമർശം നടത്തിയത്. പോസ്റ്റ് വൈറലായതിന് പിന്നാലെ വലിയ തോതിലുള്ള വിമർശനങ്ങളും ഉയർന്നു. സിന്ധു സൂര്യകുമാറിൻ്റെ വ്യക്തിത്വത്തെ അപമാനിക്കുന്ന രീതിയിലായിരുന്നു ഫേസ്ബുക്ക് കുറിപ്പ്.

ആലപ്പുഴ എരമല്ലൂര്‍ സ്വദേശിയായ എസ്.സുദീപ് കര്‍ക്കിടകം ശബരിമല അടക്കമുളള വിഷയങ്ങളുമായി ബന്ധപ്പെട്ട് നേരത്തെ സോഷ്യൽ മീഡിയ വഴി നടത്തിയ പ്രതികരണങ്ങള്‍ വിവാദമായിരുന്നു. തുടര്‍ന്ന് ഹൈക്കോടതിയുടെ അന്വേഷണത്തിന് പിന്നാലെ 2021ല്‍ സബ് ജഡ്‌ജി സ്ഥാനത്ത് നിന്ന് രാജി വച്ചൊഴിയേണ്ടി വന്നു.
സമൂഹ മാധ്യമങ്ങളില്‍ ന്യായാധിപന്മാര്‍ക്ക് യോജിക്കാത്ത രീതിയിലുള്ള അഭിപ്രായ പ്രകടനം നടത്തിയെന്ന് ഹൈക്കോടതി കണ്ടെത്തുകയായിരുന്നു. വിവാദപരമായ കാര്യങ്ങളില്‍ പ്രതികരിക്കരുതെന്ന ചട്ടം എസ്.സുദീപ് ലംഘിച്ചെന്ന് കണ്ടെത്തിയാണ് ഹൈക്കോടതി പിരിച്ചുവിടല്‍ നോട്ടീസ് നല്‍കിയത്. ഇതിന് പിന്നാലെയാണ് സുദീപ് രാജി വച്ചൊഴിഞ്ഞത്.
