
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപയോഗിച്ച് വ്യാജ വാര്‍ത്ത നിര്‍മിച്ച സംഭവത്തില്‍ ഏഷ്യാനെറ്റിനെതിരെ പൊലീസ് കേസെടുത്തു. കോഴിക്കോട് വെള്ളയില്‍ പൊലീസാണ് കേസെടുത്തത്. പി. വി അന്‍വര്‍ എംഎല്‍എയുടെ പരാതിയിലാണ് നടപടിഏഷ്യാനെറ്റ് ന്യൂസ് വ്യാജവാര്‍ത്ത ചിത്രീകരിച്ചത് കോഴിക്കോട് ചാനല്‍ ഓഫീസില്‍. കണ്ണൂര്‍ റിപ്പോര്‍ട്ടര്‍ നൗഫല്‍ ബിന്‍ യൂസഫ് കോഴിക്കോട് സ്റ്റുഡിയോയിലെത്തിയാണ് അഡ്മിനിസ്ട്രേറ്റീവ് വിഭാഗം ജീവനക്കാരിയുടെ മകളെവച്ച് അഭിമുഖം ചിത്രീകരിച്ചതെന്നാണ് സ്പെഷ്യല്‍ ബ്രാഞ്ച് കണ്ടെത്തല്‍.
പോക്‌സോ, വ്യാജരേഖ ചമക്കല്‍, ക്രിമിനൽ ഗൂഢാലോചന എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് . 2022 നവംബര്‍ 10ന് ഏഷ്യാനെറ്റ് ന്യൂസ് സംപ്രേഷണം ചെയ്ത റിപ്പോര്‍ട്ടില്‍ പതിനാലുകാരിയുടേതായി ചിത്രീകരിച്ച അഭിമുഖം വ്യാജമാണെന്ന് തെളിയുകയായിരുന്നു. സഹപാഠികള്‍ ലൈംഗികമായി ചൂഷണംചെയ്യാറുണ്ടെന്നും പത്തിലധികം വിദ്യാര്‍ഥിനികള്‍ ചൂഷണത്തിനു വിധേയരായിട്ടുണ്ടെന്നും ഏഷ്യാനെറ്റ് ന്യൂസിന്റെ കണ്ണൂര്‍ ലേഖകന്‍ നൗഫല്‍ ബിന്‍ യൂസഫ് നടത്തിയ അഭിമുഖത്തില്‍ യൂണിഫോം ധരിച്ച വിദ്യാര്‍ഥിനി പറയുന്നുണ്ട്.

വിഷയത്തിൽ സ്‌കൂളിലെ വിദ്യാര്‍ഥിനികളെയും അഭിമുഖത്തിലുള്ള വിദ്യാര്‍ഥിനിയുടെ സുഹൃത്തുക്കളെയും കണ്ട് കണ്ണൂര്‍ സിറ്റി പൊലീസ് അന്വേഷിച്ചു. എന്നാല്‍, അങ്ങിനെ പീഡനത്തിരയായതായി അറിവായിട്ടില്ല.അതേസമയം, വ്യാജ വാര്‍ത്ത നല്‍കിയെന്നാരോപിച്ച് ഏഷ്യാനെറ്റ് ന്യൂസ് കൊച്ചി ഓഫീസിലേക്ക് എസ്.എഫ്.ഐ മാര്‍ച്ച് നടത്തിയിരുന്നു.
