
തിരുവനന്തപുരം: സൈബർ തട്ടപ്പ് സംഘത്തിൽ നിന്ന് പൊലീസിനും രക്ഷയില്ല. തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണറുടെ ഓഫിസില്‍ നിന്ന് കാല്‍ ലക്ഷം രൂപ നഷ്ടമായി. കമ്മീഷണറുടെ ഓഫിസിലെ പണമിടപാടുമായി ബന്ധപ്പെട്ട എല്ലാ സന്ദേശവുമെത്തുന്ന അക്കൗണ്ട്സ് ഓഫീസറുടെ മൊബൈല്‍ നമ്പരില്‍ നിന്നാണ് പണം തട്ടിയെടുത്തത്. സംഭവത്തിൽ സൈബര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
സൈബർ തട്ടിപ്പിനെതിരെ സമൂഹ മാധ്യമങ്ങൾ വഴി നിരന്തരം ബോധവത്കരണ സന്ദേശങ്ങൾ നൽകുന്ന പൊലീസ് തന്നെ തട്ടിപ്പിന് ഇരയായത് ഞെട്ടിക്കുന്നതാണ്. സൈബർ തട്ടിപ്പിന് ഇരയാകരുതെയും ഒ.ടി.പി ആർക്കും കൈമാറരുതെന്നും നിരന്തരം ഫേസ്ബുക്കിലൂടെയും മറ്റും സന്ദേശങ്ങളിലൂടെ പൊലീസ് ബോധവത്കരണം നടത്താറുണ്ട്. അതിനിടെയാണ് കമ്മീഷണറുടെ ഓഫീസ് തന്നെ തട്ടിപ്പിന് ഇരയായിരിക്കുന്നത്.
ഇക്കഴിഞ്ഞ തിങ്കളാഴ്‌ച ബാങ്കില്‍ നിന്നെന്ന് വിശ്വസിപ്പിച്ച് എത്തിയ സന്ദേശത്തിലാണ് കമ്മീഷണർ ഓഫീസിലെ ഉദ്യോഗസ്ഥൻ കബളിപ്പിക്കപ്പെട്ടത്. കെ.വൈ.സി ഉടൻ പുതുക്കിയില്ലെങ്കില്‍ അക്കൗണ്ട് റദ്ദാക്കുമെന്നായിരുന്നു സന്ദേശം.

ഇതേത്തുടർന്ന് കമ്മീഷണർ ഓഫീസിലെ അക്കൗണ്ട് ഓഫീസര്‍ മെസേജിലെ ലിങ്കില്‍ ക്ലിക്ക് ചെയ്‌തു. തട്ടിപ്പ് സംഘം ആവശ്യപ്പെട്ടപ്പോള്‍ ഒ.ടി.പിയും നല്‍കി. അൽപസമയത്തിനകം എസ്.ബി.ഐയുടെ ജഗതി ശാഖയില്‍ നിന്ന് 25,000 രൂപ പിൻവലിക്കപ്പെട്ടതായി കാണിച്ച് സന്ദേശം ലഭിച്ചു. ഇതോടെയാണ് തട്ടിപ്പിന് ഇരയായെന്ന് അക്കൗണ്ട് ഓഫീസര്‍ക്ക് മനസിലായത്.
ഉടൻ തന്നെ സൈബര്‍ പൊലീസിനെ വിവരം അറിയിച്ചു. ചോര്‍ത്തുന്ന പണം തട്ടിപ്പുകാരുടെ അക്കൗണ്ടില്‍ നിന്ന് മാറ്റി പിൻവലിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍, പൊലീസിന്‍റെ അക്കൗണ്ടില്‍ നിന്ന് ചോര്‍ത്തിയ പണം പിൻവലിക്കുന്നതിന് മുമ്പ് തടയാൻ കഴിഞ്ഞതായി ഡി.സി.പി അറിയിച്ചു. പ്രതികളെ കുറിച്ച് സൂചന ലഭിച്ചെന്നും ഉടൻ കണ്ടെത്താൻ ആകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പൊലീസ് അറിയിച്ചു.
