
രാജ്യത്തെ ഇന്ധന വിലവർധനവിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം കൊച്ചിയിൽ റോഡ് ഉപരോധിച്ച 15 കോൺഗ്രസ് നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ആണ് ഒന്നാംപ്രതി. വി.ജെ.പൗലോസ്, കൊടിക്കുന്നിൽ സുരേഷ് എം.പി എന്നിവരെ രണ്ടും മൂന്നും പ്രതികളാക്കി. വി.പി.സജീന്ദ്രൻ, ദീപ്തി മേരി വർഗീസ്, ടോണി ചമ്മണി, ഡൊമിനിക് പ്രസന്റേഷൻ എന്നിവരെയും പ്രതിചേർത്തിട്ടുണ്ട്.

ദേശീയപാത ഉപരോധിച്ചതിനും നടൻ ജോജു ജോർജിൻ്റെ വാഹനം തകർത്തതിനും ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയായിരിക്കും അറസ്റ്റ്. വാഹനത്തിൻ്റെ ചില്ലു തകർത്തതടക്കം ജോജുവിൻ്റെ പരാതിയിൽ ഇന്നുതന്നെ അറസ്റ്റുണ്ടാകുമെന്ന് കമ്മിഷണർ സി.എച്ച്. നാഗരാജു അറിയിച്ചിരുന്നു. അതേസമയം സമരത്തിനിടെയുണ്ടായ ആക്രമണത്തിൽ ജോജു ജോർജിൻ്റെ വാഹനത്തിന് ആറ് ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് റിപ്പോർട്ട്.
വാഹനത്തിൻ്റെ ചില്ല് കല്ലുകൊണ്ട് ഇടിച്ചുതകർത്തിരുന്നു. ജോജുവിൻ്റെ ലാൻഡ് റോവർ ഡിഫൻഡർ കാറിൻ്റെ ചില്ലാണ് അക്രമികൾ അടിച്ചുതകർത്തത്. നടന് നേരേ കൈയേറ്റശ്രമവുമുണ്ടായി. തുടർന്ന് പൊലീസുകാർ ജോജുവിൻ്റെ വാഹനത്തിൽ കയറിയിരുന്നാണ് സുരക്ഷ ഉറപ്പാക്കിയത്. പെട്രോൾ വിലവർധനവിൽ ദേശീയപാത സ്തംഭിപ്പിച്ചുകൊണ്ടുള്ള കോൺഗ്രസിൻ്റെ സമരത്തിനെതിരെ ജോജു ജോർജ് പ്രതിഷേധിച്ചിരുന്നു.
