കണ്ണൂരിൽ ട്രെയിനിലെ പൊലീസ് മർദ്ദനം:എ.എസ്‌. ഐയ്‌ക്കെതിരെ വകുപ്പുതല നടപടി; റെയില്‍വേ ഡ്യൂട്ടിയില്‍ നിന്ന് മാറ്റാൻ തീരുമാനം

  • Post category:news
  • Reading time:1 min read
You are currently viewing കണ്ണൂരിൽ ട്രെയിനിലെ പൊലീസ് മർദ്ദനം:എ.എസ്‌. ഐയ്‌ക്കെതിരെ വകുപ്പുതല നടപടി; റെയില്‍വേ ഡ്യൂട്ടിയില്‍ നിന്ന് മാറ്റാൻ തീരുമാനം

ട്രെയിനില്‍ യാത്രക്കാരനെ ക്രൂരമായി മര്‍ദ്ദിച്ച കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ എ.എസ്‌.ഐ പ്രമോദിനെതിരെ നടപടി. പ്രമോദിനെ റെയില്‍വേ ഡ്യൂട്ടിയില്‍ നിന്ന് മാറ്റാനും ഇയാള്‍ക്കെതിരെ വകുപ്പ് തല അന്വേഷണം നടത്താനും തീരുമാനിച്ചു. സംഭവത്തില്‍ യാത്രക്കാരുടെയുള്‍പ്പെടെ മൊഴി രേഖപ്പെടുത്തി എസ്പിക്ക് അന്വേഷണ റിപ്പോര്‍ട്ട് കൈമാറിയതിനു പിന്നാലെയാണ് നടപടി.

വകുപ്പ് തല അന്വേഷണത്തിന് ശേഷമായിരിക്കും ഇയാള്‍ക്കെതിരായ കൂടുതല്‍ നടപടികള്‍ സ്വീകരിക്കുക. യാത്രക്കാരനോട് ക്രൂരമായി പെരുമാറിയ എ.എസ്ഐക്കെതിരെ വ്യാപക പ്രതിഷേധമാണുയരുന്നത്.
മാവേലി എക്സ്പ്രസ് കണ്ണൂരിൽ നിന്ന് പുറപ്പെടുമ്പോഴാണ് സംഭവമുണ്ടായത്.

സ്ലീപ്പർ കമ്പാർട്മെന്റിൽ നിലത്തിരിക്കുകയായിരുന്ന യാത്രക്കാരനോട് പരിശോധനയ്ക്കെത്തിയ പൊലീസ് ഉദ്യോ​ഗസ്ഥൻ ടിക്കറ്റ് ചോദിച്ചു.സ്ലീപ്പർ ടിക്കറ്റില്ലെന്നും ജനറൽ ടിക്കറ്റ് മാത്രമേയുള്ളൂവെന്നും യാത്രക്കാരൻ മറുപടി നൽകി. കൈയ്യിലുള്ള ടിക്കറ്റ് എടുക്കാൻ പൊലീസുകാരൻ ആവശ്യപ്പെട്ടു. ഇതിനിടെയാണ് ഇയാൾ യാത്രക്കാരനെ ബൂട്ട് കൊണ്ട് ചവിട്ടുകയും മർദ്ദിക്കുകയും ചെയ്തത്.

ഇതിൻ്റെ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. യാത്രക്കാരൻ്റെ നെഞ്ചിനാണ് ചവിട്ടേറ്റത്. എന്നാൽ താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ് എ.എസ്ഐ പ്രമോദിൻ്റെ വാ​ദം. ടിക്കറ്റില്ലാത്ത യാത്രക്കാരനെ ഇറക്കി വിടുക മാത്രമാണ് ചെയ്തതെന്ന് ഇയാൾ പറയുന്നു.

0Shares