
ആന്ധ്രയിലെ വിശാഖപട്ടണത്ത് പോളിമർ കമ്പനിയിൽ രസവാതകം ചോർന്നു. എട്ട് വയസ്സുകാരി ഉൾപ്പെടെ 5 പേർ മരിച്ചു. വിഷവാതകം ശ്വസിച്ച് കുട്ടിയുൾപ്പെടെ മരിച്ചതായി ദേശീയ വാര്‍ത്താ ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്തു. ആർ.ആർ വെങ്കടപുരം ഗ്രാമത്തിന് സമീപത്തുള്ള എല്‍ജി പോളിമേഴ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ പ്ലാന്റിലാണ് വാതക ചോർച്ചയുണ്ടായത്. ശ്വസിക്കാൻ ബുദ്ധിമുട്ടിയ ജനങ്ങളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുപതോളം ഗ്രാമങ്ങൾ ഒഴിപ്പിക്കുകയാണ്.

15 ഓളം പേർ ആശുപത്രിയിലുണ്ടെന്നാണു വിവരം. ഗോപാലപട്ടണത്തിനു സമീപത്തുള്ള മൂന്ന് ഗ്രാമങ്ങളെ സംഭവം ബാധിച്ചിട്ടുണ്ട്. ബോധം നഷ്ടപ്പെട്ട് പലരും തെരുവിൽ കിടക്കുകയാണ്. പ്ലാന്റിലെ ചോർച്ച നിയന്ത്രിക്കാൻ സാധിച്ചിട്ടില്ല. അടച്ചിട്ട ഫാക്ടറി ഇന്നലെയാണ് വീണ്ടും തുറന്നത്. കെമിക്കൽ പ്ലാന്റിലേക്ക് ആംബുലൻസുകളും അഗ്നിരക്ഷാ സേനയും പൊലീസും എത്തിയിട്ടുണ്ട്. പോളിസ്റ്റെറിൻ ഉത്പാദിപ്പിക്കുന്ന പ്ലാന്റിലാണ് അപകടമുണ്ടായത്.
പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് വെങ്കിട്ടപുരം ഗ്രാമത്തിലെ എൽ.ജി പോളിമര്‍ ഇൻഡസ്ട്രീസ് എന്ന കന്പനിയിൽ നിന്ന് വിഷവാതകം ചോര്‍ന്നത്. വിഷവാതക ചോര്‍ച്ചയെ തുടര്‍ന്ന് ഗോപാൽപുരത്തെ ആശുപത്രിയിലെക്ക് എത്തിച്ച ഇരുപതോളം പേര്‍ അതീവ ഗരുതര അവസ്ഥയിലാണ്. ഗ്രാമങ്ങളിൽ നിന്ന് ആളുകൾ ഒഴിഞ്ഞ് പോകണമെന്ന് തുടര്‍ച്ചയായ അറിയിപ്പ് പോലീസ് നടത്തുണ്ടെങ്കിലും വീടുകളിൽ പലതിൽ നിന്നും പ്രതികരണമില്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട് .
വീടുകളിൽ നിന്ന് പുറത്തിറങ്ങി വന്ന ആളുകളെ ആശുപത്രിയിലെത്തിക്കുന്നുണ്ട്. ഞെട്ടിക്കുന്ന കാഴ്ചകളാണ് ഗോപാൽപുരത്തെ തെരുവുകളിൽ കാണുന്നതെന്നാണ് അവിടെ നിന്നുള്ള റിപ്പോര്‍ട്ടുകൾ. തെരുവുകളിൽ സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ ബോധരഹിതരായി കിടക്കുന്നുണ്ട്.
