
രണ്ടാം പിണറായി സര്‍ക്കാരിൻ്റെ ആദ്യവാര്‍ഷികത്തോടനുബന്ധിച്ചുകൊണ്ട് മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങളെ കണ്ടു. തൃക്കാക്കരയിൽ തിരഞ്ഞെടുപ്പു പ്രചരണത്തിനിടെ കെ.പി.സി.സി അദ്ധ്യക്ഷന്‍ കെ.സുധാകരന്‍ നടത്തിയ പരാമര്‍ശത്തിനെതിരേ കേസെടുക്കാന്‍ പക്ഷേ സര്‍ക്കാരിന് താത്പര്യമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മലബാറിലായാലും തിരുവിതാംകൂറിലായാലും നായ നായ തന്നെയും ചങ്ങല ചങ്ങല തന്നെയുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഓരോരുത്തരുടെ സംസ്‌ക്കാരമാണ് ഇങ്ങനെയുള്ള പരാമര്‍ശങ്ങള്‍ വഴി വെളിപ്പെടുന്നത്. അതിലെ പരാമര്‍ശങ്ങള്‍ ജനം വിലയിരുത്തട്ടെയെന്നാണ് അദ്ദേഹം പറഞ്ഞത്.
മലബാറില്‍ അയാള്‍ , ഇയാള്‍ എന്നൊക്കെയുള്ള സംബോധനകള്‍ വേണ്ടത്ര പരസ്പര ബഹുമാനത്തോടെയാണ് നടത്തുന്നത്. എന്നാല്‍ ആ രീതിയിലല്ല തെക്കന്‍ ജില്ലയില്‍ കരുതപ്പെടുന്നത്. എന്നാല്‍ നായ എന്നു പറയുന്നത് മലബാറിലായാലും തിരുവിതാംകൂറിലായാലും നായ തന്നെയാണ്. ചങ്ങല എന്ന് എവിടെ പറഞ്ഞാലും ചങ്ങല തന്നെയാണ്. മുഖ്യമന്ത്രി പറഞ്ഞു. ഓരോരുത്തരുടെ സംസ്‌ക്കാരമനുസരിച്ചാണ് അതു പറയുക. എല്ലാം ജനം വിലയിരുത്തട്ടെ. സര്‍ക്കാരിന് അതില്‍ കാര്യമൊന്നുമില്ല, കണക്കാക്കുന്നുമില്ല- അദ്ദേഹം പറഞ്ഞു.

അതേസമയം, ഭരണ നേട്ടങ്ങള്‍ നിരത്തിയാണ് മുഖ്യമന്ത്രി പദത്തില്‍ രണ്ടാം വട്ടത്തില്‍ ആദ്യ വര്‍ഷം പൂര്‍ത്തിയാക്കിയ പിണറായി വിജയന്‍ മാദ്ധ്യമങ്ങള്‍ക്കു മുന്നിലെത്തിയത്. രണ്ടാം വര്‍ഷത്തിലേക്കു കടക്കുമ്പോള്‍ എല്‍. ഡി. എഫ് സര്‍ക്കാരിന് നല്ല തോതില്‍ ജനപിന്തുണ വര്‍ദ്ധിച്ചതായി മുഖ്യമന്ത്രി അവകാശപ്പെട്ടു.
അടുത്തിടെ നടന്ന തദ്ദേശ ഫലം അതാണ് കാണിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ വികസനമുന്നേറ്റത്തിന് ദേശീയ തലത്തിലും അംഗീകാരം നേടാന്‍ കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.
ആത്മവിശ്വാസത്തോടെയാണ് രണ്ടാം വര്‍ഷത്തേയ്ക്കു കടക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കഴിഞ്ഞ കാലത്തെ പ്രവര്‍ത്തനങ്ങളുടെ സംക്ഷിപ്തമായ ഒരു റിപ്പോര്‍ട്ടും ഇന്ന് അദ്ദേഹം അവതരിപ്പിച്ചു. തൃക്കാക്കരയില്‍ തിരഞ്ഞെടുപ്പ് പ്രചരണം നടന്നു കൊണ്ടിരിക്കെ സര്‍ക്കാരിൻ്റെ അവകാശവാദങ്ങള്‍ നിയന്ത്രണത്തോടെ അവതരിപ്പിക്കാനും അദ്ദേഹം ശ്രദ്ധിച്ചു.
സര്‍ക്കാരിന് ഒട്ടേറെ പ്രതികൂലാവസ്ഥകളെ പിന്നിടാന്‍ കഴിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ ഓരോന്നായി നടപ്പാക്കിക്കൊണ്ടിരിക്കുന്നയായും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിൻ്റെ വാര്‍ഷികാഘോഷങ്ങള്‍ ജൂണ്‍ രണ്ടിന് ആഘോഷിക്കും . അന്ന് സര്‍ക്കാരിൻ്റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച പ്രോഗ്രസ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുമെന്നും മുഖ്യന്ത്രി അറിയിച്ചു.
