
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. യാത്ര കാരണം റോഡുകളില്‍ ഗതാഗതസ്തംഭനം ഉണ്ടാകുന്നുവെന്ന് ആരോപിച്ചാണ് അഭിഭാഷകനായ കെ വിജയന്‍ കോടതിയെ സമീപിച്ചത്. ഭാരത് ജോഡോ യാത്ര പോകുന്ന വഴികളിലെല്ലാം ഗതാഗതസ്തംഭനമുണ്ടാകുന്നു.
റോഡ് യാത്രക്കാര്‍ക്കായി വിട്ടു കൊടുക്കുന്ന അവസ്ഥയാണ്. ഗതാഗതസ്തംഭനം ഒഴിവാക്കാന്‍ യാത്ര ദേശീയപാതയുടെ ഒരുഭാഗത്ത് കൂടി മാത്രമാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കണമെന്നും പൊലീസ് സുരക്ഷക്ക് ആവശ്യമായ ചിലവ് സംഘാടകരില്‍ നിന്നും ഈടാക്കണമെന്നും ഹര്‍ജിയില്‍ കെ. വിജയന്‍ ആവശ്യപ്പെട്ടു.

അതേസമയം ഭാരത് ജോഡോ യാത്രയുടെ പേരിൽ വഴി തടയുന്നുവെന്ന ആക്ഷേപത്തിന് മറുപടിയുമായി കൊടിക്കുന്നിൽ സുരേഷ് എം.പി രംഗത്തെത്തി. ഡി.ജി.പിയുടെ അനുമതി തേടിയ ശേഷമാണ് സംസ്ഥാനത്ത് ഭാരത് ജോഡോ യാത്ര തുടങ്ങിയത്. രാവിലെയും വൈകീട്ടും രണ്ട് മണിക്കൂർ മാത്രമാണ് യാത്ര. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ പൊലീസ് ബദൽ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്നും കൊടിക്കുന്നിൽ പറഞ്ഞു.
വി.വി.ഐ.പികൾക്കായി മണിക്കൂറുകൾ ഗതാഗതം തടയുന്ന നാടാണിത്. കർഷക സമരകാലത്ത് ഒന്നര വർഷം ദില്ലി-ഹരിയാന അതിർത്തി റോഡ് അടച്ചിട്ടു. ജോഡോ യാത്ര ദേശീയ പ്രക്ഷോഭമാണ്. ജനങ്ങൾ യാത്രയുമായി സഹകരിക്കുന്നുണ്ട്. ഇക്കാര്യങ്ങൾ ഹൈക്കോടതി മനസ്സിലാക്കുമെന്നാണ് പ്രതീക്ഷ എന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.
