
കാസർകോട്: കേന്ദ്രസർക്കാരിൻ്റെ തെറ്റായ നയങ്ങൾക്കും വർഗീയതക്കും എതിരെ നടത്തുന്ന ജനകീയ പ്രതിരോധ ജാഥ സംസ്ഥാന സർക്കാരിന് രക്ഷാ കവചം തീർക്കാനാണെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു. ജനകീയ പ്രതിരോധ ജാഥയുടെ ഭാഗമായി രാവിലെ വാർത്താസമ്മേളനം നടത്തുകയായിരുന്നു എം.വി ഗോവിന്ദൻ. ബി.ജെ.പിയെ വലിയ തോതിൽ എതിർക്കാൻ കോൺഗ്രസ് മുതിരുന്നില്ല. കോൺഗ്രസ് പിന്തുടരുന്ന മൃദുഹിന്ദുത്വനയം മൂലം ബി.ജെ.പിയുടെ വർഗീയതയെ തുറന്നെതിർക്കാൻ അവർക്കാകുന്നില്ല. കോർപ്പറേറ്റുകളോടുള്ള സമീപനത്തിലും സാമ്പത്തിക നയങ്ങളിലും കോൺഗ്രസും ബി.ജെ.പിയും തമ്മിൽ വ്യത്യാസമില്ല.
രാഷ്ട്രീയ പകപോക്കലിന് കേന്ദ്രം അന്വേഷണ ഏജൻസികളെ ദുരുപയോഗിക്കുയാണെന്ന കോൺഗ്രസിൻ്റെ ദേശീയ നയത്തോടൊപ്പമാണോ കേരളത്തിലെ കോൺഗ്രസുകാർ. സോണിയ ഗാന്ധി ഈ അഭിപ്രായം തുറന്നു പറഞ്ഞു. കോൺഗ്രസിൻ്റെ പ്ലീനറി സമ്മേളനം നടക്കുന്ന ചത്തീസ് ഗണ്ഡിൽ കോൺഗ്രസ് നേതാക്കളുടെ വീട്ടിൽ ഇ.ഡി റെയ്‌ഡ് നടത്തുന്നു. ഇത് പകപോക്കലാണെന്ന് കോൺഗ്രസ് ദേശീയ നേതാക്കൾ പറയുന്നു. അത് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ മനസിലാക്കുന്നില്ല. കെ.പി.സി.സിക്ക് ബി.ജെ.പിയെയാണ് പഥ്യം.

ജനദ്രോഹ നയങ്ങളുടെ കാര്യത്തിൽ പിണറായിയും മോദിയും തമ്മിൽ വ്യത്യാസമില്ലെന്ന കൊൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിൻ്റെ പ്രസ്‌താവന അദ്ദേഹത്തിൻ്റെ സ്ഥലജല വിഭ്രാന്തിക്ക് ഉദാഹരണമാണ്. മോദിയുടെയും കോൺഗ്രസിൻ്റെയും കോർപറേറ്റ് അനുകൂല നവഉദാരനയത്തിന്, ജനപക്ഷ ബദൽ ഉയർത്തുകയാണ് കേരളത്തിലെ പിണറായി സർക്കാർ. ആരോഗ്യ വിദ്യാഭ്യാസ രംഗത്ത് കുടുതൽ നിക്ഷേപം, പെൻഷൻ ഉൾപ്പെടയുള്ള ക്ഷേമ പ്രവർത്തനങ്ങൾക്ക് ഊന്നൽ, പൊതുമേഖലാ സംരക്ഷണം എന്നിവയെല്ലാം പിണറായി സർക്കാരിൻ്റെ മുഖമുദ്രകളാണ്. ഇതിന് കടകവിരുദ്ധമായ സമീപനമാണ് മോദി സർക്കാരിൻ്റെത്. ഈ വ്യത്യാസം കാണാൻ കെ.സി വേണുഗോപാലിന് കഴിയാത്തത് ബി.ജെ.പിയെ തുറന്നെതിർക്കാനുള്ള വൈമുഖ്യമാണ്. സി.പി.ഐ.എമ്മിനെ സംബന്ധിച്ച് മുഖ്യശത്രു ബി.ജെ.പിയാണ്. എന്നാൽ കെപിസിസിക്ക് സിപിഐഎമ്മും. മോദിക്കെതിരായ മതനിരപേക്ഷ ഐക്യത്തിന് തുരങ്കം വെക്കുന്ന നടപടിയാണിത്. ഒരോ സംസ്ഥാനത്തും പരമാവധി ബി.ജെ.പി വിരുദ്ധ വോട്ടുകൾ ഒന്നിപ്പിക്കുക എന്ന തന്ത്രമാണ് സി.പി.ഐ(എം) സ്വീകരിക്കുന്നത്. മുദുഹിന്ദുത്വ സമീപനം സ്വീകരിക്കുന്ന കോൺഗ്രസിനൊപ്പം അണിചേരാൻ ഭൂരിപക്ഷം പ്രാദേശിക കക്ഷികളും മടിക്കുകയാണ്.
സി.പി.ഐ (എം) ഇസ്ലാമോഫോബിയ പടർത്തുന്നുവെന്നാണ് ജമാഅത്തെ ഇസ്ലാമി നേതാവ് പറയുന്നത്. രണ്ട് വർഗീയ ശക്തികളായ ആർ.എസ്.എസും ജമാഅത്തെ ഇസ്ലാമിയും തമ്മിൽ എന്താണ് ചർച്ച നടത്തിയതെന്ന് വെളിപ്പെടുത്തുകയാണ് വേണ്ടത്. ജമാഅത്തെ ഇസ്ലാമിയും ആർ.എസ്.എസും തമ്മിൽ നടന്ന ചർച്ച പ്രധാന രാഷ്ട്രീയ വിഷയമാണ്. ആർ.എസ്.എസുമായി ചർച്ച നടത്തുന്നത് എന്തിനായാണ്? ആർ.എസ്.എസുമായി സന്ധി നടത്തി എന്താണ് നേടാൻ പോകുന്നതെന്ന് അവർ വ്യക്തമാക്കണം. ഹിന്ദു വർഗീയവാദികൾ ന്യൂനപക്ഷങ്ങൾക്കെതിരെ നടത്തുന്ന കടന്നാക്രമണങ്ങൾ എല്ലാവർക്കും അറിയുന്നതാണ്. രാജ്യത്ത് കൃസ്ത്യൻ ന്യുനപക്ഷങ്ങളെയും വേട്ടയാടുകയാണ്. അതിനെതിരെ 80 ഓളം സംഘടനകൾ ചേർന്ന് ഡൽഹിയിൽ വലിയ പ്രതിഷേധം തീർത്തു. അവർ പറഞ്ഞത് 21 സംസ്ഥാനങ്ങളിൽ അവർ വേട്ടയാടപെടുന്നു എന്നാണ്. ആ സംസ്ഥാനങ്ങളുടെ കൂട്ടത്തിൽ കേരളമില്ല എന്നതാണ് നമ്മുടെ സംസ്ഥാനത്തിൻ്റെ മേൻമ.
വാഹനത്തിലല്ല, നടന്നാണ് ജാഥ നടത്തേണ്ടതെന്ന കോൺഗ്രസ് വിമർശനം കാര്യമില്ല. സി.പി.ഐ(എം) പ്രവർത്തകർ ജനുവരിയിൽ വലിയ രീതിയിൽ ഗൃഹസന്ദർശന പരിപാടികളിലുടെ ഓരോ വീട്ടിലും എത്തി കാര്യങ്ങൾ വിശദമാക്കിയിരുന്നു. അതിന് ശേഷമാണ് ജനകീയ ജാഥ നടത്തുന്നത്. വലിയ ജനപങ്കാളിത്തമാണ് ജാഥയിലുള്ളതെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. ജാഥാംഗങ്ങളായ സി.എസ് സുജാത, എം.സ്വരാജ്, കെ.ടി ജലീൽ, ജെയ്‌ക്ക് സി.തോമസ്, മാനേജർ പി.കെ ബിജു എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
ക്ഷണിക്കപ്പെട്ടവരുമായി ചർച്ച നടത്തി
ജനകീയ പ്രതിരോധ ജാഥയുടെ രണ്ടാം ദിവസം രാവിലെ ക്ഷണിക്കപ്പെട്ടവരുമായി എം.വി ഗോവിന്ദൻ ചർച്ച നടത്തി. കാസർകോട് ഗവ. ഗസ്റ്റ് ഹൗസിൽ നടന്ന ചർച്ചയിൽ പ്രൊഫഷണലുകൾ, വ്യവസായികൾ, ചേമ്പർ ഓഫ് കൊമേഴ്‌സ് ഭാരവാഹികൾ, വിവിധ സംഘടനാ പ്രവർത്തകർ, കലാകാരന്മാർ തുടങ്ങിയ അമ്പതോളം പേർ ചർച്ചയിൽ പങ്കെടുത്തു. കാസർകോട് ജില്ലയിൽ നിലവിലുള്ള പശ്ചാത്തല സൗകര്യങ്ങളുടെ പ്രശ്നങ്ങൾ, അരോഗ്യ, വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ തുടങ്ങിയവ ചർച്ച ചെയ്തു. കാസർകോട് മെഡിക്കൽ കോളേജ്, യാത്രാപ്രശ്‌നങ്ങൾ, ജീവനക്കാരുടെ സ്ഥലംമാറ്റം എന്നിവയും ചർച്ചയിൽ ഉയർന്നു.
