
തൃശ്ശൂര്‍: മുഴം കണക്കില്‍ മുല്ലപ്പൂ വിറ്റതിന് പൂക്കടഉടമയ്ക്ക് പിഴ ഈടാക്കി ലീഗല്‍ മെട്രോളജി വകുപ്പ്. തൃശ്ശൂര്‍ കിഴക്കേക്കോട്ടയിലെ പൂക്കടയ്ക്കാണ് മുല്ലപ്പൂമാല മുഴം കണക്കില്‍ വിറ്റതിന് 2,000 രൂപ പിഴയിട്ടത്. മുഴം എന്നത് അളവുകോല്‍ അല്ലെന്നാണ് ലീഗല്‍ മെട്രോളജി വകുപ്പ് നല്‍കുന്ന വിശദീകരണം. മുല്ലപ്പൂ മാലയാണെങ്കില്‍ സെന്റീമീറ്റര്‍, മീറ്റര്‍ എന്നിവയിലും പൂക്കളാണെങ്കില്‍ ഗ്രാം, കിലോ ഗ്രാമിലുമാണ് അളക്കേണ്ടത് എന്നാണ് മാനദണ്ഡം.
മുഴം കണക്കില്‍ വില്‍പന നടത്തുമ്പോള്‍ ഉപഭോക്താക്കള്‍ വഞ്ചിക്കപ്പെടുന്നു എന്നതാണ് നടപടിയെടുക്കാൻ കാരണമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

വരും ദിവസങ്ങളില്‍ പരിശോധന തുടരാനാണ് തീരുമാനം. പതിവായി മുഴം അളവിലാണ് മല്ലപ്പൂ വില്‍പന നടത്തുന്നതും ആവശ്യക്കാര്‍ വാങ്ങുന്നതും. കൈമുട്ട് മുതല്‍ വിരലിൻ്റെ അറ്റം വരെയാണ് ഒരു മുഴം.
ഉത്സവകാലങ്ങളിൽ പൂവിപണിയിൽ വൻ ലാഭം കൊയ്യുകയാണെന്ന് കാലങ്ങളായി ഉപഭാക്താക്കളുടെ പരാതി ഉയർന്നിരുന്നു. അതേസമയം, ലീഗല്‍ മെട്രോളജി വകുപ്പിൻ്റെ നടപടിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനമാണ് ഉയരുന്നത്. തുച്ഛമായ വരുമാനം മാത്രം ലഭിക്കുന്ന മുല്ലപ്പൂ കച്ചവടത്തില്‍ ആരാണ് ഉപഭോക്താക്കളെ വഞ്ചിച്ച് കോടികള്‍ നേടുന്നത് എന്നും ചോദ്യം ഉയർന്നിട്ടുണ്ട്.
