
ചെർക്കള(കാസറഗോഡ്): നെല്ലിക്കട്ടയിലെ പി.ബി.എം ഹയർ സെക്കൻഡറി സ്കൂളിൽ ദേശീയ സയൻസ് ദിനത്തോടനുബന്ധിച്ച് ഒരുക്കിയ എക്സ്പോ കുട്ടികൾക്ക് വലിയ ആവേശമാണ് നൽകിയത്. എക്സ്പോ 2026 എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി കുട്ടികളുടെ ക്രിയാത്മകമായ കഴിവുകളെ പരിപോഷിപ്പിക്കുന്നതായി. വെറും പാഠ്യപദ്ധതികൾ മാത്രമല്ല, ഒരു കുട്ടിയിൽ അന്തർലീനമായിരിക്കുന്ന എല്ലാ കഴിവുകളെയും പുറത്തുകൊണ്ടുവരാനുള്ള അവസരമാണിതെന്ന് മാനേജ്‌മെന്റ്റ് പ്രതിനിധികൾ അറിയിച്ചു. പുതു തലമുറയിലെ കുട്ടികൾ എ.ഐ കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. അതിനാൽ തന്നെ ശാസ്ത്ര സാങ്കേതിക സാഹിത്യ വിദ്യകളിൽ കഴിവ്പുലർത്തണം. ശാസ്ത്ര അവബോധം കുട്ടികളിൽ വളർത്തിയെടുക്കേണ്ട സുപ്രധാന പങ്ക് വിദ്യാലയങ്ങളിൽ നിന്നുതന്നെ ഒരുക്കണം. അതിനുള്ള തയ്യാറെടുപ്പുകൾ നടത്തുകയാണ് നമ്മുടെ കുട്ടികളെന്ന് സ്കൂൾ പ്രിൻസിപ്പൽ നിസാം ബോവിക്കാനം പറഞ്ഞു. 9B യിലെ “യുറേക്ക” എന്ന മാഗസിൻ സ്കൂൾ ചെയർമാനും ജില്ലാ പഞ്ചായത്ത് മെമ്പറുമായി പി.ബി ഷെഫീഖ് പി.ടി.എ പ്രസിഡണ്ട് ഇബ്രാഹിം നെല്ലിക്കട്ടക്ക് കൈമാറി പ്രകാശനം ചെയ്തു.

സർഗ്ഗ സൃഷ്ടികളിലൂടെ കുട്ടികൾ വളർന്നുവരണമെന്നും വായനയും പരിശ്രമവും ഒന്നിച്ചു മുന്നോട്ടു കൊണ്ടുപോയാൽ മാത്രമേ നല്ല തലമുറയ്ക്ക് കൂടുതൽ അവസരങ്ങള്ളുവെന്ന് പി.ബി ഷെഫീഖ് പറഞ്ഞു. പരിപാടിയുടെ ഉദ്‌ഘാടനം ചെങ്കള പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജാസ്മിൻ കബീർ നിർവഹിച്ചു. കുഞ്ഞു കരങ്ങളിൽ തീർത്ത വിസ്മയങ്ങളിൽ അതിഥികൾ ആകർഷരായി. ഇത്തരത്തിലുള്ള സയൻസ് ഫയറുകളിലൂടെ ഭാവി വാഗ്ദാനങ്ങളെ സൃഷ്ടിച്ചെടുക്കാനാകുമെന്നും എല്ലാ കുട്ടികളിലും വ്യത്യസ്ത കഴിവുകൾ ഒളിഞ്ഞു കിടപ്പുണ്ടെന്നും ജാസ്മിൻ പറഞ്ഞു. കുട്ടികൾക്കുവേണ്ടി ഇത്തരം അവസരങ്ങൾ ഒരുക്കുന്ന സ്കൂൾ മാനേജ്‌മെന്റ്റ് പ്രതിനിധികളെ അവർ അഭിന്ദിച്ചു. ശാസ്ത്രവും സാങ്കേതികവിദ്യയും പ്രയോജനപ്പെടുത്തി നമ്മുടെ കുട്ടികളും പുതു യുഗത്തിൻ്റെ സമ്പത്തായി മാറണമെന്നും ജാസ്മിൻ കബീർ പറഞ്ഞു. പി.ടി.എ പ്രസിഡൻറ് ഇബ്രാഹിം നെല്ലിക്കട്ട പരിപാടിയിൽ അധ്യക്ഷത വഹിച്ചു. എം.എ മക്കാർ മാസ്റ്റർ, ഹുസൈൻ ബേർക്ക, പ്രോഗ്രാം കോഡിനേറ്റർമാരായ അദ്ധ്യാപകരായ ദാമോദരൻ, ജയരാജ്, ഗോപിദാസ്, മണികണ്ഠൻ, വിനോദ്, രമ, സുജാത, പിങ്കലാ ഷി, ഏലിയാമ്മ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
