
കാഞ്ഞങ്ങാട് / കാസർകോട്: പടന്നക്കാട് പീഡനക്കേസ് പ്രതിയെ തെളിവെടുപ്പിനായി എത്തിച്ചു. പ്രതി പി.എ സലീമിനെ പെൺകുട്ടിയുടെ വീടിന് സമീപമാണ് തെളിവെടുപ്പിനായി എത്തിച്ചത്. ചുറ്റും തടിച്ചുകൂടിയ നാട്ടുകാർ പ്രതി സലീമിനെ കണ്ട് അക്രമാസക്തരായി. ശനിയാഴ്‌ച സലീമിനെ മുഖംമൂടി അണിയിച്ചാണ് തെളിവെടുപ്പിനായി എത്തിച്ചത്. മുഖംമൂടി നീക്കണമെന്ന് ആക്രോശിച്ചു കൊണ്ടാണ് നാട്ടുകാർ പാഞ്ഞടുത്തത്.
“മുഖമൂടി മാറ്റണം, അവൻ്റെ മുഖം കാണണം.ഞങ്ങൾക്കും ചെറിയ കുഞ്ഞുമക്കൾ ഉണ്ട്. ഇത്തരം ക്രൂരസ്വഭാവമുള്ള ആളെ തല്ലി കൊല്ലണം, ഞങ്ങൾ കൊല്ലും.” സ്ത്രീകൾ അടക്കമുള്ള നാട്ടുകാർ പ്രതിക്കെതിരെ തിരിഞ്ഞു. വളരെ പണിപ്പെട്ടാണ് പോലീസുകാർ തെളിവെടുപ്പ് പൂർത്തിയാക്കിയത്.
നാടിനെ ഞെട്ടിച്ച പീഡനം നടന്ന് അഞ്ചാം ദിവസമാണ് പ്രതി സലീമിനെ കുറിച്ചുള്ള വിവരം അന്വേഷണ സംഘത്തിന് ലഭിക്കുന്നത്. വർഷങ്ങളായി കാഞ്ഞങ്ങാട്ടെ പെൺകുട്ടിയുടെ വീടിനടുത്ത് സ്ഥിരതാമസക്കാരനാണ് ഇയാൾ. സംഭവം നടന്ന പതിനഞ്ചാം തീയതിക്ക് ശേഷം പ്രതി വീട്ടിൽ നിന്ന് മാറിയത് അന്വേഷണ സംഘത്തിൻ്റെ സംശയം ബലപ്പെടുത്തി. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതി ഇയാൾ തന്നെയാണെന്ന നിഗമനത്തിൽ പൊലീസ് എത്തിയത്.

പ്രതിയുടെ മുഖം വ്യക്തമാകുന്ന കൂടുതൽ സി.സി.ടി.വി ദൃശ്യങ്ങളും തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. ഇയാൾ രണ്ട് വർഷം മുമ്പ് മേൽപ്പറമ്പ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്‌ത മറ്റൊരു പോക്‌സോ കേസിലും പ്രതിയാണ്. കുടകിൽ മാല മോഷണ കേസിലും ഇയാൾക്കെതിരെ കേസുണ്ട്.
കഴിഞ്ഞ ആഴ്‌ചയാണ് വീട്ടിനുള്ളിൽ ഉറങ്ങി കിടക്കുകയായിരുന്ന 10 വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച് സ്വർണാഭരണങ്ങൾ കവർന്നശേഷം വീടിനടുത്തുള്ള പറമ്പിൽ ഉപേക്ഷിച്ചത്. മോഷണമായിരുന്നു ഉദ്ദേശമെന്നും, പെൺകുട്ടി ശബ്‌ദമുണ്ടാക്കുമോ എന്ന് ഭയന്നാണ് തട്ടിക്കൊണ്ടു പോയതെന്നുമാണ് സലിം പറയുന്നത്. പിന്നാലെയാണ് ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. കുറ്റങ്ങളെല്ലാം സലിം സമ്മതിച്ചിട്ടുണ്ട്.
