
അധഃസ്ഥിതര്‍ക്കും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കുമായി ചെങ്കൊടിയേന്തിയ സമരപോരാട്ടത്തിൻ്റെ ഭാഗമായി ജയില്‍ശിക്ഷ അനുഭവിച്ച 379 പേരാണ് സി.പി.ഐ (എം) പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്തത്.
നിരീക്ഷകരായി പങ്കെടുത്ത 77 പേരില്‍ 25 പേരും തടവ് അനുഭവിച്ചിട്ടുണ്ട്. പ്രതിനിധികളുടെയെല്ലാംകൂടി ജയില്‍ കാലയളവ് 128 വര്‍ഷമാണ്. കൂടുതല്‍ നാള്‍ തടവില്‍ കഴിഞ്ഞത് കശ്മീരില്‍നിന്നുള്ള മുഹമ്മദ് യൂസഫ് തരിഗാമിയാണ്–- ആറുവര്‍ഷം. അഞ്ചില്‍ കൂടുതല്‍ വര്‍ഷം തടവ് അനുഭവിച്ചവര്‍ മൂന്നുപേരുണ്ട്. 12 പേര്‍ രണ്ടുമുതല്‍ അഞ്ചുവര്‍ഷംവരെയും 21 പേര്‍ ഒന്നുമുതല്‍ രണ്ടുവര്‍ഷംവരെയും ജയിലില്‍ കഴിഞ്ഞു. ആകെ 692 വട്ടമാണ് പ്രതിനിധികള്‍ ജയിലില്‍ അടയ്ക്കപ്പെട്ടത്.
സമരപോരാട്ടത്തിൻ്റെ ഭാഗമായി 151 പ്രതിനിധികള്‍ക്ക് ഒളിവിൽ കഴിയേണ്ടതായി വന്നു. കാന്തി ഗാംഗുലിയാണ് കൂടുതല്‍ കാലം ഒളിവില്‍ പോയത്– എട്ടുവര്‍ഷവും ആറുമാസവും. ഹിമാന്‍ഷു ദാസിന് ആറുവര്‍ഷത്തിന് അടുത്തും ഗണേഷ് ശങ്കര്‍ സിങ്, അമല്‍ ഹല്‍ദര്‍ എന്നിവര്‍ക്ക് അഞ്ചുവര്‍ഷത്തിലേറെയും ഒളിവില്‍ കഴിയേണ്ടി വന്നു. പ്രതിനിധികളെല്ലാമായി ആകെ 109 വര്‍ഷം ഒളിവില്‍ കഴിഞ്ഞിട്ടുണ്ട്.

ക്രഡന്‍ഷ്യല്‍ ഫോമില്‍ ഇതാദ്യമായി സ്ത്രീ– പുരുഷന്‍ എന്നതിനുപുറമെ ‘മറ്റുള്ളവര്‍’ എന്ന പേരില്‍ ലിംഗസ്ഥിരീകരണം താല്‍പ്പര്യപ്പെടാത്തവര്‍ക്കുള്ള കോളവും ഉള്‍പ്പെടുത്തി. ഇതിന് പുറമെ സാമൂഹിക പശ്ചാത്തല വിഭാഗത്തില്‍ ഭിന്നശേഷിക്കാര്‍ എന്ന കോളവും ഉള്‍പ്പെടുത്തി.
ആകെ 729 പ്രതിനിധികളും 78 നിരീക്ഷകരും കോണ്‍ഗ്രസില്‍ പങ്കെടുത്തു. പ്രതിനിധികളില്‍ 94 വനിതകള്‍. 90 വയസ്സുള്ള പാലോളി മുഹമ്മദുകുട്ടിയാണ് പ്രായം കൂടിയ പ്രതിനിധി. 23 വയസ്സുള്ള ആര്യ രാജേന്ദ്രന്‍ പ്രായം കുറഞ്ഞ പ്രതിനിധി. 30 വയസ്സില്‍ താഴെ ഏഴു പ്രതിനിധികളും ആറു നിരീക്ഷകരും. 30–-39 പരിധിയില്‍ 21 പ്രതിനിധികളും എട്ടു നിരീക്ഷകരും. 40–-49 പ്രായപരിധിയില്‍ 77, എട്ട്, 50–-59 പ്രായപരിധിയില്‍ 217, 22, 60–-69 പ്രായപരിധിയില്‍ 290, 24, എഴുപത് വയസ്സിന് മുകളില്‍ 117, എട്ട് എന്നിങ്ങനെയാണ് യഥാക്രമം പ്രതിനിധികളും നിരീക്ഷകരും. 1951ല്‍ പാര്‍ടി അംഗമായ പാലോളി മുഹമ്മദുകുട്ടിക്കാണ് കൂടിയ പാര്‍ട്ടി ജീവിതം. 2017ല്‍ അംഗമായ ആര്യ രാജേന്ദ്രനാണ് കുറഞ്ഞ പാര്‍ട്ടി ജീവിതം.
കൂടുതല്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്തിട്ടുള്ളത് എസ്.ആര്‍.പിയും ബിമന്‍ ബസുവുമാണ്– 16 വീതം. പാലോളി മുഹമ്മദുകുട്ടി, മണിക് സര്‍ക്കാര്‍, പി.മധു, ജനാര്‍ദന്‍ പതി, എന്‍.കെ ശുക്ല, ഹരിസിങ് കാങ് എന്നിവര്‍ 15 പാര്‍ടി കോണ്‍ഗ്രസില്‍വീതം പങ്കെടുത്തു. 170 പേര്‍ ആദ്യമായാണ് പാര്‍ടി കോണ്‍ഗ്രസില്‍.
പ്രതിനിധികളില്‍ 137 പേര്‍ തൊഴിലാളി വര്‍ഗത്തില്‍നിന്നും 207 പേര്‍ മധ്യവര്‍ഗത്തില്‍ നിന്നുമാണ്. മറ്റുള്ളവരുടെ വര്‍ഗപശ്ചാത്തലം ഇങ്ങനെ: കര്‍ഷകത്തൊഴിലാളി–- 51, ദരിദ്രകര്‍ഷകന്‍– 113, ഇടത്തരം കര്‍ഷകന്‍– 154, സമ്പന്ന കര്‍ഷകന്‍– 27, ഭൂ ഉടമ– 10, ബൂര്‍ഷ്വാ– 19, പെറ്റി ബൂര്‍ഷ്വാ– ആറ്. 143 പേര്‍ 1990നുശേഷം പാര്‍ടിയില്‍ ചേര്‍ന്നവരാണ്. 1947– 63 കാലയളവില്‍ അംഗമായ 14 പേരുണ്ട്. ബിരുദധാരികള്‍ മുന്നൂറും പിജിക്കാര്‍ 213ഉം. ദളിത് വിഭാഗത്തില്‍നിന്ന് 53ഉം ആദിവാസിവിഭാഗത്തില്‍ നിന്ന് 42ഉം പ്രതിനിധികള്‍. ക്രിസ്ത്യന്‍ പശ്ചാത്തലത്തില്‍നിന്ന് 38പേരും മുസ്‌ലിം പശ്ചാത്തലത്തില്‍നിന്ന് 55പേരും പ്രതിനിധികളായുണ്ട്.
