ഉള്ളിൽ പുകയുന്ന സി.പി.എം; ജി. സുധാകരനെതിരെ പാര്‍ട്ടി അന്വേഷണം പ്രഖ്യാപിച്ചു; രണ്ടംഗ കമ്മീഷന് അന്വേഷണ ചുമതല

  • Post category:news
  • Reading time:1 min read
You are currently viewing ഉള്ളിൽ പുകയുന്ന സി.പി.എം; ജി. സുധാകരനെതിരെ പാര്‍ട്ടി അന്വേഷണം പ്രഖ്യാപിച്ചു; രണ്ടംഗ കമ്മീഷന് അന്വേഷണ ചുമതല

അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് വീഴ്ചയില്‍ ജി. സുധാകരനെതിരെ പാര്‍ട്ടി തല അന്വേഷണം പ്രഖ്യാപിച്ചു. സംസ്ഥാന സെക്രട്ടറേറിയറ്റ് അംഗങ്ങളായ എളമരം കരീമും കെ.ജെ.തോമസും അടങ്ങുന്ന കമ്മീഷനാണ് അന്വേഷിക്കുക. അതൊടൊപ്പം തന്നെ പാല, കല്പറ്റ മണ്ഡലങ്ങളിലെ പരാജയം അതത് ജില്ലാ കമ്മിറ്റികൾ പരിശോധിക്കാനും സംസ്ഥാന സെക്രട്ടേറിയറ്റില്‍ തീരുമാനമായിട്ടുണ്ട്.

സി.പി.എം സംസ്ഥാന സമിതിയിൽ ജി. സുധാകരനെതിരെ വിമർശനം ഉയര്‍ന്നതിന് പിന്നാലെയാണ് പാര്‍ട്ടി അന്വേഷണം പ്രഖ്യാപിക്കുന്നത്. പ്രചാരണത്തില്‍ വീഴ്ചയെന്ന അവലോകന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണം. അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ വീഴ്ച സംഭവിച്ചുവെന്ന റിപ്പോർട്ട് ശരിവച്ചായിരുന്നു സി.പി.എം സംസ്ഥാന സമിതിയിൽ ജി. സുധാകരനെതിരെ വിമർ‍ശനങ്ങൾ ഉയര്‍ന്നത്.

തോറ്റ സീറ്റുകളിൽ മാത്രമല്ല വിജയിച്ച മണ്ഡലങ്ങളിൽ ഉയർന്ന പരാതികളിലും മുഖം നോക്കാതെയുള്ള പരിശോധനകളിലേക്ക് നീങ്ങുകയാണ് സി.പി.എം. നിയമസഭാ തെരഞ്ഞെടുപ്പ് അവലോകനത്തിലാണ് ജി. സുധാകരനെതിരെ വിമർശനമുയർന്നത്. ആലപ്പുഴ ജില്ലാ കമ്മിറ്റിയില്‍ ജി. സുധാകരന് നേരെ നേരത്തെ വിമര്‍ശനമുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചില്ലെന്നാണ് വിമര്‍ശനം. തോമസ് ഐസക് സജീവമായപ്പോള്‍ ജി.സുധാകരന്‍ ഉള്‍വലിഞ്ഞു നിന്നു എന്നാണ് ജില്ലാ കമ്മിറ്റിയില്‍ അഭിപ്രായം ഉയര്‍ന്നത്.

ജി. സുധാകരന്‍റെ അസാന്നിധ്യത്തിലായിരുന്നു യോഗം. നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തുടങ്ങിയതാണ് അമ്പലപ്പുഴ ജില്ലയില്‍ പാര്‍ട്ടിക്കുള്ളിലെ പ്രശ്നങ്ങള്‍. ജി. സുധാകരനും തോമസ് ഐസക്കും തെരഞ്ഞെടുപ്പ് ചിത്രത്തില്‍ നിന്ന് പുറത്താക്കപ്പെട്ടതോടെയാണ് പാര്‍ട്ടിക്കുള്ളില്‍ അസ്വാരസ്യങ്ങള്‍ രൂപപ്പെട്ടത്.

0Shares