
ചണ്ഡിഗഡ്: കൊലക്കേസിലും ബലാല്‍സംഗ കേസിലും ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ദേര സച്ച സൗദ ആദ്ധ്യാത്മിക നേതാവ് ഗുര്‍മീത് റാം റഹീം സിംഗിന് ഒരുമാസത്തെ പരോള്‍. ഹരിയാനയിലെ ബി.ജെ.പി സര്‍ക്കാരാണ് വിവാദ ആള്‍ ദൈവം ഗുര്‍മീതിന് പരോള്‍ അനുവദിച്ചത്.
2017ല്‍ രണ്ട് ബലാത്സംഗ കേസുകളില്‍ ശിക്ഷിക്കപ്പെട്ടതിന് ശേഷം ഹരിയാനയിലെ റോഹ്‌തക്കിലെ ജയിലില്‍ ജീവപര്യന്തം തടവ് അനുഭവിക്കുകയാണ് ഗുര്‍മീത്. 2002ല്‍ മാനേജരെ കൊലപ്പെടുത്തിയ കേസിലും ഇയാള്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്.

ആദ്യമായാണ് ഗുര്‍മീത് റാം റഹീം സിംഗിന് ഔദ്യോഗികമായി പരോള്‍ അനുവദിച്ചെങ്കിലും ഇതിനകം തന്നെ നാലുതവണ ജയിലില്‍ നിന്ന് പുറത്തിറങ്ങിയിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരിയില്‍ മൂന്നാഴ്ചത്തെ ശിക്ഷാ അവധിയും ഇദ്ദേഹത്തിന് അനുവദിച്ചിരുന്നു. ജയിലില്‍ നിന്ന് പുറത്തിറങ്ങുന്ന ഗുര്‍മീത് ഉത്തര്‍പ്രദേശിലെ ഭാഗുപത്തിലെ ബര്‍ണാവയിലുള്ള ദേര സച്ചാ സൗദാ ആശ്രമത്തിലേക്ക് പോയേക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഇന്ത്യയ്ക്കകത്തും പുറത്തുമായി ലക്ഷക്കണക്കിന് ആരാധകരുള്ള ഗുര്‍മീതിനെ രണ്ട് വനിതാ അനുയായികളെ പീഡിപ്പിച്ച കേസിലാണ് ആദ്യ ശിക്ഷ ലഭിച്ചത്. പ്രത്യേക സി.ബി.ഐ കോടതി ഇരുപത് വര്‍ഷത്തേക്കാണ് ശിക്ഷിച്ചത്. ദേര സച്ചയുടെ ആസ്ഥാനമായ സിര്‍സയുടെ ആശ്രമത്തില്‍ വച്ചാണ് ഇരുവരും പീഡിപ്പിക്കപ്പെട്ടത്. ഇതില്‍ ശിക്ഷ അനുഭവിക്കുമ്പോഴാണ് കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ടത്. മറ്റ് നിരവധി കൊലപാതകങ്ങളില്‍ ഇയാളുടെ പേര് ഉയര്‍ന്നു കേട്ടിരുന്നു.

ഒരു സാധാരണ ആള്‍ ദൈവമല്ല ഗുര്‍മീത്. ‘ആത്മീയ വിശുദ്ധന്‍, ഗായകന്‍, സിനിമ സംവിധായകന്‍, നടന്‍, കലാ സംവിധായകന്‍, എഴുത്തുകാരന്‍, സംഗീത സംവിധായകന്‍, ഗാനരചയിതാവ്, ആത്മകഥാകാരന്‍, ഛായാഗ്രാഹകന്‍ എന്നൊക്കെയാണ് ഗുര്‍മീത് ട്വിറ്റര്‍ പ്രൊഫൈലില്‍ സ്വയം വിശേഷിപ്പിക്കുന്നത്. നിരവധി സിനിമകളില്‍ ഇയാള്‍ നടനായും സംവിധായകനായും സംഗീത സംവിധായകനുമായൊക്കെ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഏഷ്യാ ബുക്ക് ഒഫ് റെക്കോര്‍ഡ്‌സ് പ്രകാരം ഒരൊറ്റ ചിത്രത്തില്‍ ഏറ്റവുമധികം കഥാപാത്രങ്ങളും ഉത്തരവാദിത്തങ്ങളും നിര്‍വഹിച്ചുവെന്ന റെക്കോര്‍ഡുകളും ഗുര്‍മീതിനാണ്. സിനിമകള്‍ക്ക് പുറമെ, യൂണിവേഴ്‌സല്‍ ലേബലിൻ്റെ കീഴില്‍ ആല്‍ബങ്ങളും റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്. അവസാനത്തെ ആല്‍ബമായ ഹൈവേ ലൗ ചാര്‍ജര്‍ മൂന്നുദിവസത്തിനുള്ളില്‍ മൂന്ന് ദശലക്ഷം പകര്‍പ്പുകളാണ് വിറ്റഴിഞ്ഞത്. ഇതിലൂടെയെല്ലാമാണ് ഗുര്‍മീത് അനുയായികളുടെ എണ്ണം കൂട്ടിയത്. കേസില്‍ ശിക്ഷിക്കപ്പെട്ട് അകത്താകുമ്പോള്‍ രാജ്യത്താകമാനം നാല്‍പ്പത്താറോളം ആശ്രമങ്ങളാണ് ഉണ്ടായിരുന്നത്. ഒപ്പം കോടികളുടെ ആസ്തിയും.
