
പാൻ നമ്പറും (പെർമനന്റ് അക്കൗണ്ട് നമ്പർ) ആധാർ കാർഡും തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള സമയം ഇനി ഒരാഴ്ച മാത്രം. ഇവ തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള അവസാന ദിവസം മാർച്ച് 31 ആണ്. ആധാറുമായി ബന്ധിപ്പിക്കാത്ത പാൻ ഏപ്രിൽ ഒന്നുമുതൽ അസാധുവാകും. കൂടാതെ ഈ രേഖകൾ ബന്ധിപ്പിക്കാത്തവർക്ക് 1000 രൂപ പിഴ ചുമത്താനും സാധ്യതയുണ്ട്.
കോവിഡ്-19 പശ്ചാത്തലത്തിലാണ് ആധാറും പാനും ബന്ധിപ്പിക്കുന്നതിനുള്ള സമയം സർക്കാർ നീട്ടിവച്ചത്. 2020 ജൂൺ 30 വരെയായിരുന്നു ആദ്യം അനുവദിച്ചിരുന്ന സമയം. നിലവിൽ മിക്ക സാമ്പത്തിക ഇടപാടുകൾക്കും പാൻ കാർഡ് സമർപ്പിക്കേണ്ടത് അത്യാവശ്യമാണ്. പാൻ കാർഡ് അസാധുവായാൽ ബാങ്ക് ഇടപാടുകളിൽ വലിയ ബുദ്ധിമുട്ട് നേരിടാൻ സാധ്യതയുണ്ട്.

എങ്ങനെ പാൻ ആധാറുമായി ബന്ധിപ്പിക്കാം:
ഇന്‍കംടാക്‌സ് ഇ-ഫയലിങ് പോര്‍ട്ടല്‍വഴി പാന്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ സാധിക്കും. അതല്ലെങ്കിൽ 567678, 56161 എന്നീ നമ്പറുകളിലേയ്ക്ക് എസ്എംഎസ് അയച്ചും ലിങ്ക് ചെയ്യാം. UIDPAN12digit Aadhaar>10digitPAN> എന്ന ഫോര്‍മാറ്റിലാണ് എസ്എംഎസ് അയയ്‌ക്കേണ്ടത്. ഓണ്‍ലൈനില്‍ പാന്‍ ആധാറുമായി ബന്ധിപ്പിക്കാൻ കഴിഞ്ഞില്ലെങ്കില്‍ എന്‍.എസ്ഡി.എല്‍, യു.ടി.ഐ.ടി.എസ്എസ്എല്‍ എന്നിവയുടെ സേവനകേന്ദ്രങ്ങള്‍ വഴി ഓഫ്‌ലൈനായും അതിന് സൗകര്യമുണ്ട്.
നിശ്ചിത സമയത്തിനകം ബന്ധിപ്പിച്ചില്ലെങ്കില്‍ ഭാവിയില്‍ ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനോ, ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിനോ പണമിടപാട് നടത്തുന്നതിനോ കഴിയില്ല. അസാധുവായ പാന്‍ സാമ്പത്തിക ഇടപാടുകള്‍ക്കായി ഉപയോഗിച്ചാല്‍ 10,000 രൂപ പിഴചുമത്താന്‍ നിയമമുണ്ട്. എന്‍.ആര്‍.ഐകള്‍ക്ക് പാന്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് നിര്‍ബന്ധമില്ല. എന്നാലും ആധാര്‍ എടുത്തിട്ടുള്ളവര്‍ക്ക് പാനുമായി ബന്ധിപ്പിക്കാൻ സാധിക്കും.
