പാകിസ്ഥാനിൽ പാർലമെന്റ് പിരിച്ചുവിട്ടു; 90 ദിവസത്തിനുള്ളിൽ പൊതുതിരഞ്ഞെടുപ്പ്

  • Post category:news
  • Reading time:1 min read
You are currently viewing പാകിസ്ഥാനിൽ പാർലമെന്റ് പിരിച്ചുവിട്ടു; 90 ദിവസത്തിനുള്ളിൽ പൊതുതിരഞ്ഞെടുപ്പ്

പാകിസ്ഥാനിൽ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ്റെ ശുപാർശയ്ക്ക് പിന്നാലെ പ്രസിഡന്റ് ആരിഫ് അൽവി പാർലമെന്റ് പിരിച്ചുവിട്ടു. മന്ത്രിസഭയും പിരിച്ചുവിട്ടുവെന്ന് വാർത്താവിതരണമന്ത്രി ഫവാദ് ചൗധരി അറിയിച്ചു. ഭരണഘടനാപരമായ ചുമതലകൾ പ്രധാനമന്ത്രി പദവിയിൽ ഇരുന്ന് ഇമ്രാൻ ഖാൻ തുടരും. 90 ദിവസത്തിനുള്ളിൽ പൊതുതിരഞ്ഞെടുപ്പ് നടക്കുമെന്നും ഫവാദ് ചൗധരി പറഞ്ഞു.

പാർലമെന്റിൽ തനിക്കെതിരെ അവിശ്വാസ പ്രമേയ വോട്ടെടുപ്പ് തള്ളിയതിനു പിന്നാലെയാണ് സഭ പിരിച്ചുവിടാൻ ഇമ്രാൻ ഖാൻ പ്രസിഡന്റിനോടു ശുപാർശ ചെയ്തത്. തിരഞ്ഞെടുപ്പ് ഉടൻ നടത്തുമെന്നും അറിയിച്ച ഇമ്രാൻ ഖാൻ, തിരഞ്ഞെടുപ്പിന് ഒരുങ്ങാൻ അണികളോട് ആഹ്വാനം ചെയ്തു.

പാർലമെന്റിൽ ഇമ്രാനെതിരായ അവിശ്വാസ വോട്ടെടുപ്പ് സഭ നിയന്ത്രിച്ച ഡെപ്യൂട്ടി സ്പീക്കർ ഖാസിം ഖാൻ സൂരി അനുവദിച്ചിരുന്നില്ല. ഏപ്രിൽ 25വരെ വോട്ടെടുപ്പ് അനുവദിക്കാനാകില്ലെന്നും ദേശീയ സുരക്ഷ മുൻനിർത്തിയാണ് തീരുമാനമെന്നും ഡെപ്യൂട്ടി സ്പീക്കർ വ്യക്തമാക്കി. പിന്നാലെ പ്രതിപക്ഷാംഗങ്ങൾ സഭയ്ക്കുള്ളിൽ പ്രതിഷേധിച്ചു. അതേസമയം അവിശ്വാസ പ്രമേയം വിദേശ ഗൂഢാലോചനയുടെ ഭാഗമാണെന്ന് ഇമ്രാൻ ഖാൻ ആരോപിച്ചു.

0Shares