
മദ്യം കിട്ടാത്തിനെ തുടര്‍ന്ന് പെയിന്റ് വാര്‍ണിഷില്‍ കലര്‍ത്തിക്കുടിച്ച് തമിഴ്‌നാട്ടില്‍ മൂന്ന് പേര്‍ മരിച്ചു. തമിഴ്‌നാട്ടിലെ ചെങ്കല്‍പാട്ടിലാണ് സംഭവം. ശിവശങ്കര്‍, പ്രദീപ്, ശിവരാമന്‍ എന്നിവരാണ് മരിച്ചത്. ഞയറാഴ്ചയാണ് ഇവര്‍ മദ്യം കിട്ടാതെ അസ്വസ്ഥരായതിനെ തുടര്‍ന്ന് പെയിന്റ് വാര്‍ണിഷില്‍ ലയിപ്പിച്ച് കഴിച്ചത്.

തുടര്‍ന്ന് ആരോഗ്യ നില വഷളായതോടെ ചെങ്കല്‍പാട്ടിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. എന്നാല്‍ മൂന്ന് പേരുടെയും ജീവന്‍ രക്ഷിക്കാനായില്ല. ലോക്ഡൗണ്‍ കാരണം എവിടെയും മദ്യം ലഭിക്കാത്തിനെ തുടര്‍ന്നാണ് ഇവര്‍ പെയിന്റ് എടുത്ത് കുടിച്ചത്. ഇവര്‍ മൂന്നു പേരും സ്ഥിരമായി മദ്യപിക്കുന്നവരായിരുന്നു എന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.
21 ദിവസം രാജ്യത്താകെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ രാജ്യത്തെവിടെയും മദ്യം ലഭ്യമല്ല. ഇതേ തുടര്‍ന്ന് സ്ഥിരമായി മദ്യപിക്കുന്നവര്‍ക്ക് അസ്വസ്ഥതകളുണ്ടാവുന്നെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കേരളത്തില്‍ മദ്യം വാങ്ങാന്‍ ഡോക്ടര്‍മാര്‍ കുറിപ്പടി നല്‍കണമെന്ന സര്‍ക്കാര്‍ നേരത്തെ ഉത്തരവിട്ടിരുന്നു. എന്നാല്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്യുകയായിരുന്നു.
