
തിരുവനന്തപുരം: തന്നെ ലക്ഷ്യമിട്ടുള്ള നീക്കങ്ങൾക്ക് പിന്നിൽ ഗൂഢാലോചന എന്ന് തുറന്നു പറഞ്ഞ് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ. പിന്നിൽ പ്രവർത്തിച്ചത് ആരെന്ന് വ്യക്തമായി അറിയാമെന്നും പ്രഭവ കേന്ദ്രം തലസ്ഥാനത്താണെന്നും ഇ =.പി പറഞ്ഞു. ന്യൂസ് 18 കേരളം എഡിറ്റർ പ്രദീപ് പിള്ളയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.
”എനിക്കെതിരെ വ്യക്തിഹത്യ ലക്ഷ്യമിട്ടുള്ള ഗൂഢാലോചന നടന്നു. പിന്നിൽ പ്രവർത്തിച്ചത് ആരെന്ന് വ്യക്തമായി അറിയാം. പ്രഭവകേന്ദ്രം തലസ്ഥാനത്താണ്. കണ്ണൂരുമായി ബന്ധമുണ്ട്. നടന്നത് പാർട്ടി വിരുദ്ധ പ്രവർത്തനം”- ഇ.പി ജയരാജൻ പറഞ്ഞു. പി.ജയരാജൻ തനിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചിട്ടില്ലെന്നും ഇ.പി പറഞ്ഞു. എല്ലാം മാധ്യമ സൃഷ്ടിയാണ്. അഴിമതി ആരോപണം ഉന്നയിച്ചിട്ടില്ലെന്ന് പി.ജയരാജൻ സംസ്ഥാന സമിതിയിലും വ്യക്തത വരുത്തിയെന്നും ഇ.പി ജയരാജൻ പറഞ്ഞു.

വൈദീകത്തിൽ നടന്നത് ആദായ നികുതി വകുപ്പിൻ്റെ പരിശോധനയല്ലെന്നും ആദായം ഉണ്ടെങ്കിൽ അല്ലേ പരിശോധിക്കേണ്ടതുളളൂവെന്നും ഇ.പി ജയരാജൻ ചോദിച്ചു. എന്താണ് നടന്നതെന്ന് റിസോർട്ട് അധികൃതർ വിശദീകരിക്കുമെന്നും ഇ.പി ജയരാജൻ പറഞ്ഞു. ജനകീയ പ്രതിരോധ ജാഥയിൽ പങ്കെടുക്കുമെന്ന് ഉറപ്പിച്ചു പറയാനും ഇ.പി ജയരാജൻ തയാറായില്ല. എൽ.ഡി.എഫ് കൺവീനറുടെ അസാന്നിധ്യം ചർച്ചയാകുമ്പോഴും സസ്പെൻസ് നിലനിർത്തിയാണ് ഇ.പിയുടെ മറുപടി. ”എല്ലാ പാർട്ടിക്കാർക്കും പോകാൻ കഴിയില്ലല്ലോ”.
കേരളത്തിൽ ഒരു തെരഞ്ഞെടുപ്പിലും മത്സരിക്കാൻ തനിക്ക് ആഗ്രഹമില്ലെന്ന് ഇ.പി ജയരാജൻ പറഞ്ഞു. ”ഞങ്ങളുടെ ഒക്കെ കാലം കഴിഞ്ഞു. പുതിയ തലമുറ വരട്ടേ. ഇ.എം.എസിൻ്റെ മാതൃകയാണ് പിന്തുടരുന്നത്”- ഇ.പി ജയരാജൻ വ്യക്തമാക്കി.
Courtesy: News 18 Malayalam
