ജില്ലാ കളക്ടര്‍ ഞെട്ടി, കടകളില്‍ ക്രമക്കേടിൻ്റെ കൂത്തരങ്ങ്, അമിതവിലയും പൂഴ്ത്തിവയ്പ്പും

  • Post category:Kerala / news
  • Reading time:1 min read
You are currently viewing ജില്ലാ കളക്ടര്‍ ഞെട്ടി, കടകളില്‍ ക്രമക്കേടിൻ്റെ കൂത്തരങ്ങ്, അമിതവിലയും പൂഴ്ത്തിവയ്പ്പും

കോട്ടയം: അമിതവിലയും പൂഴ്ത്തിവയ്പ്പും തടയാൻ ജില്ലാ കളക്ടര്‍ വി.വിഗ്‌നേശ്വരിയുടെ നേതൃത്വത്തില്‍ സംയുക്ത സ്‌ക്വാഡ് വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് വ്യാപക ക്രമക്കേട്. 150 പലചരക്ക്, പച്ചക്കറി വ്യാപാര സ്ഥാപനങ്ങളില്‍ നടത്തിയ റെയ്‌ഡിൽ അമ്പതിടത്തും ക്രമക്കേട് കണ്ടെത്തി.

വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കാതെയും പായ്ക്കറ്റുകളില്‍ കൃത്യമായ വില രേഖപ്പെടുത്താതെയും കാലാവധി കഴിഞ്ഞ ഉത്പന്നങ്ങള്‍ വിറ്റുമാണ് ചൂഷണം. ലീഗല്‍ മെട്രോളജി, ഭക്ഷ്യസുരക്ഷാ വകുപ്പ്, പൊതുവിതരണ വകുപ്പ്, റവന്യൂ, പൊലീസ് വകുപ്പുകള്‍ സംയുക്തമായാണ് പരിശോധന നടത്തിയത്. പല കടകളിലും ഭക്ഷ്യസുരക്ഷ ലൈസൻസ് പുതുക്കിയിട്ട് പോലുമില്ലായിരുന്നു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നുള്ള ലൈസൻസില്ലാതെ ആണ് മണര്‍കാട് പഞ്ചായത്തിലെ മൊത്തവ്യാപാര സ്ഥാപനം പ്രവര്‍ത്തിച്ചതെന്ന് റെയ്‌ഡിൽ കണ്ടെത്തി. മണര്‍കാട് ടൗണിലെ ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ കളക്ടര്‍ നേരിട്ട് നടത്തിയ പരിശോധനയില്‍ കാലാവധി കഴിഞ്ഞ നിരവധി ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു. പായ്ക്ക് ചെയ്‌ത വസ്‌തുക്കളില്‍ വിലയോ തൂക്കമോ കാലാവധിയോ രേഖപ്പെടുത്താത്ത പാമ്പാടിയിലെ പലചരക്ക് വ്യാപാര സ്ഥാപനത്തിന് ലീഗല്‍ മെട്രോളജി വകുപ്പ് 5000 രൂപ പിഴയിട്ടു.

അഞ്ച് താലൂക്കില്‍ ആറ് സ്ക്വാഡ്

കോട്ടയം താലൂക്കില്‍ 35 സ്ഥാപനങ്ങളില്‍ 18 ക്രമക്കേടുകള്‍, ചങ്ങനാശേരി: 17 സ്ഥാപനങ്ങളില്‍ 4 നോട്ടീസ്, കാഞ്ഞിരപ്പള്ളിയില്‍ 24 പരിശോധന 14 ക്രമക്കേട്, മീനച്ചില്‍ 18 പരിശോധന 7 നോട്ടീസ്, വൈക്കത്ത് 15 പരിശോധന 7 നോട്ടീസ്

”പരിശോധന തുടരുമെന്ന് കളക്ടര്‍ വി.വിഗ്‌നേശ്വരി പറഞ്ഞു. വില വരപട്ടിക പ്രദര്‍ശിപ്പിക്കാത്ത വ്യാപാര സ്ഥാപനങ്ങള്‍ക്കും കാലാവധി കഴിഞ്ഞ വസ്‌തുക്കൾ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ക്കും ഭക്ഷ്യസുരക്ഷ അടക്കം മതിയായ ലൈസൻസുകളില്ലാതെ പ്രവര്‍ത്തിക്കുന്നവര്‍ക്കും എതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും അവർ കൂട്ടിച്ചേർത്തു.

0Shares