സർക്കാർ ജീവനക്കാരുടെ രാഷ്ട്രീയത്തിന് അതീതമായ കൂട്ടായ്‌മകൾ; മുഖ്യമന്ത്രിക്ക് എൻ.ജി.ഒ യൂണിയൻ്റെ നിവേദനം

  • Post category:Kerala / news
  • Reading time:2 mins read
You are currently viewing സർക്കാർ ജീവനക്കാരുടെ രാഷ്ട്രീയത്തിന് അതീതമായ കൂട്ടായ്‌മകൾ; മുഖ്യമന്ത്രിക്ക് എൻ.ജി.ഒ യൂണിയൻ്റെ നിവേദനം

സർക്കാർ ഓഫീസുകൾ കേന്ദ്രീകരിച്ച് ജീവനക്കാരുടെ സാംസ്കാരിക സംഘടനകളും കൂട്ടായ്‌മകളും രൂപീകരിച്ച് പ്രവർത്തിക്കുന്നത് നിയന്ത്രിക്കണമെന്ന് കേരള എൻ.ജി.ഒ യൂണിയൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ജീവനക്കാരുടെ ഇത്തരം അരാഷ്ട്രീയ കൂട്ടായ്‌മകൾ സർക്കാരിൻ്റെ അനുമതിയോ അനുവാദമോ വാങ്ങാതെയാണ് പ്രവർത്തിക്കുന്നതെന്നും സി.പി.എം അനുകൂല സംഘടന ചൂണ്ടിക്കാട്ടുന്നു. മെയ് മൂന്നിനാണ് നിവേദനം നൽകിയത്.

ഇത്തരം കലാ- കായിക- സംസ്‌കാരിക കൂട്ടായ്‌മകൾ അരാഷ്ട്രീയ കൂട്ടായ്‌മകളായും സങ്കുചിത സ്ഥാപിത താൽപര്യങ്ങളുടെ സംരക്ഷകരാകുന്നതും ആണ് കാണുന്നത്. ഇത് സർക്കാർ ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങൾക്കും നിയമങ്ങൾക്കും വിരുദ്ധമാണെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

സിവിൽ സർവീസിൻ്റെ കാര്യക്ഷമതയെ ദുർബലപ്പെടുത്തുന്നതിനും അഴിമതിയും സ്വജനപക്ഷപാതവും വർധിക്കുന്നതിനും ഇത് ഇടവരുത്തും. അതിനാൽ ഇത്തരം കൾച്ചറൽ ഫോറങ്ങളുടെയും വകുപ്പ് അടിസ്ഥാനത്തിലുള്ള കൂട്ടായ്‌മകളുടെയും പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് സംഘടന മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

ജീവനക്കാരുടെ കലാപരിപാടികൾ സംഘടിപ്പിക്കുന്നതിൻ്റെ ഭാഗമായി ഒരുവിഭാഗം ജീവനക്കാർ ഓഫീസ് സമയത്ത് കൂട്ടത്തോടെ റിഹേഴ്‌സൽ ക്യാമ്പ് നടത്തിയത് വിവാദമായും പത്ര -ദൃശ്യ മാധ്യമങ്ങളിൽ സർക്കാരിനെ വിമർശിച്ച് വാർത്തകൾ വന്നകാര്യവും നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു.

ഇത്തരം കലാപരിപാടികള്‍ സംഘടിപ്പിക്കുന്നതിന് സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്‌ത്‌ സ്വകാര്യ വ്യക്തികൾ, സ്ഥാപനങ്ങൾ, ധനകാര്യ സ്ഥാപനങ്ങൾ തുടങ്ങിയവരിൽ നിന്നും ലക്ഷക്കണക്കിന് രൂപ രശീതി അടിച്ചും അല്ലാതെയും വ്യാപകമായി പിരിക്കുന്നു. കൂടാതെ ഔദ്യോഗിക പദവികള്‍ ദുരുപയോഗം ചെയ്‌ത് വകുപ്പ് തലവന്മാരുടെ നേതൃത്വത്തിൽ ഡയറക്ടറേറ്റ് ജില്ലാ ഓഫീസുകളിലെ ജീവനക്കാരിൽ നിന്നും കാറ്റഗറി തിരിച്ചും സ്ലാബ് നിശ്ചയിച്ചും തുക സമാഹരിക്കുന്നുവെന്നും പറയുന്ന നിവേദനത്തിൽ ഏതാനും വകുപ്പുകളെ പരാമർശിക്കുന്നുമുണ്ട്.

സാമ്പത്തിക സ്ഥിതിവിവര കണക്ക് വകുപ്പിൽ ഡയറക്ടർ മുഖ്യ രക്ഷാധികാരിയായി സംസ്‌കാരിക കൂട്ടായ്‌മ രൂപീകരിച്ചിട്ടുണ്ട്. സംസ്ഥാനം, ജില്ലാ താലൂക്ക് തലത്തിൽ കമ്മിറ്റികളും ഇതിനായി രൂപീകരിച്ച് പ്രവർത്തിക്കുന്നു. ഇത്തരം കമ്മിറ്റികളിൽ നടക്കുന്ന ചർച്ചകളും അഭിപ്രായങ്ങളും പിന്നീട് ഒദ്യോഗിക തീരുമാനങ്ങളായി മാറുന്നുവെന്നും വിമർശനം ഉന്നയിക്കുന്നു.

ട്രഷറി വകുപ്പിൽ ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി കൾച്ചറൽ ഫോറങ്ങൾ രൂപീകരിച്ച് കലാപരിപാടികളും കായികമേളകളും സംഘടിപ്പിച്ചു. ചരക്ക് സേവന നികുതി വകുപ്പിൽ പാലക്കാട്, എറണാകുളം ജില്ലകൾ കേന്ദ്രീകരിച്ച് സംസ്‌കാരിക കൂട്ടായ്‌മകൾ രൂപീകരിച്ചു. റവന്യൂ വകുപ്പില്‍ 2022 ജൂൺ മാസത്തിൽ തൃശൂരിൽ വച്ച് റവന്യൂ കലോത്സവം സംഘടിപ്പിച്ചു.

സംസ്ഥാന സ്‌കൂൾ കലോത്സവ മാതൃകയിൽ ജില്ലാതലത്തിൽ മത്സരങ്ങൾ നടത്തിയ ശേഷമാണ് പരിപാടി സംഘടിപ്പിച്ചത്. ഇതിനായി വകുപ്പ് കേന്ദ്രീകരിച്ചും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് തുക നിശ്ചയിച്ചുമാണ് ധനസമാഹരണം നടത്തിയത്. ഇത്തരം പ്രവണതകൾ എല്ലാ വകുപ്പുകളിലേക്കും വ്യാപിപ്പിക്കുന്ന സ്ഥിതിയാണുള്ളതെന്നും നിവേദനത്തിൽ പറയുന്നു.

0Shares