
കാസർകോട്: പകല്‍ താപനില ക്രമാതീതമായി ഉയരുന്നതിനാല്‍ സൂര്യാഘാതം എല്‍ക്കുന്നതിനുളള സാഹചര്യം കണക്കിലെടുത്ത് ജില്ലയില്‍ വെയിലത്ത് നിന്ന് പണിയെടുക്കുന്ന തൊഴിലാളികളുടെ സമയം ക്രമീകരിച്ചു. പകല്‍ ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഉച്ചക്ക് 12 മുതല്‍ ഉച്ചകഴിഞ്ഞ് 3 വരെ വിശ്രമമായിരിക്കുമെന്ന് ജില്ലാലേബര്‍ ഓഫീസര്‍ (ഇ) അറിയിച്ചു.

ഇവരുടെ ജോലിസമയം രാവിലെ 7 മുതല്‍ വൈകിട്ട് 7 വരെയുളള സമയത്തിനുളളില്‍ എട്ട്മണിക്കൂറായി നിജപ്പെടുത്തി. രാവിലെയും ഉച്ചക്ക് ശേഷവും ഉളള മറ്റു ഷിഫ്റ്റുകളിലെ ജോലിസമയം യഥാക്രമം ഉച്ചക്ക് 12ന് അവസാനിച്ച് ഉച്ചകഴിഞ്ഞ് 3ന് ആരംഭിക്കുന്ന രീതിയില്‍ പുനക്രമീകരിച്ചു. ഫെബ്രുവരി 18 മുതല്‍ ഏപ്രില്‍ 30 വരെയുളള കാലയളവില്‍ ഈ ക്രമീകരണം ബാധകമായിരിക്കും.
