
കേന്ദ്ര സര്‍ക്കാരിന്‍റെ പുതിയ കാർഷിക ബില്ലുകൾ പ്രതിപക്ഷമില്ലാതെ പാർലമെന്റിൽ പാസ്സാക്കിയെടുത്തതിൽ പ്രതിഷേധിച്ച് രാഷ്ട്രപതിയുടെ പ്രസംഗം ബഹിഷ്കരിക്കാൻ പ്രതിപക്ഷ തീരുമാനം. പാർലമെന്റ് ബജറ്റ് സമ്മേളനത്തിന് തുടക്കമിട്ട് കൊണ്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദ് നടത്തുന്ന പ്രസംഗം 17 പ്രതിപക്ഷ പാർട്ടികൾ ബഹിഷ്‌കരിക്കും.

കോൺഗ്രസ്, എൻ.സി.പി, ആം ആദ്മി പാർട്ടി, നാഷണൽ കോൺഫറൻസ്, ഡി.എം.കെ, ശിവസേന, തൃണമൂൽ കോൺഗ്രസ്, എസ്.പി, ആർ.ജെ.ഡി, സി.പി.എം, സി.പി.ഐ, മുസ്ലിം ലീഗ്, ആർ.എസ്പി, പി.ഡി.പി, എം.ഡി.എം.കെ, എ.ഐ.യു.ഡി.എഫ്, കേരള കോൺഗ്രസ് (എം), എന്നീ പാർട്ടികളാണ് രാഷ്ട്രപതിയുടെ പ്രസംഗം ബഹിഷ്‌കരിക്കുക.
16 പാർട്ടികൾ പ്രസംഗം ബഹിഷ്കരിക്കുമെന്നത് കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദാണ് അറിയിച്ചത്. ആം ആദ്മി പാര്‍ട്ടി ബഹിഷ്‌കരിക്കുന്ന കാര്യം സഞ്ജയ് സിംഗ് എം.പിയും വ്യക്തമാക്കി. ജനുവരി 29നാണ് രാഷ്ട്രപതി പാർലമെന്റിന്‍റെ ഇരുസഭകളേയും അഭിസംബോധന ചെയ്യുക.
