
കണ്ണൂർ / കാക്കയങ്ങാട്: ആറളം ഫാം ഏഴാം ബ്‌ളോക്കില്‍ കാട്ടാനയുടെ ചവിട്ടേറ്റ് കർഷകൻ കൊല്ലപ്പെട്ടു. ആറളം ഫാം തൊഴിലാളിയായ പി.എ ദാമുവാണ് (45) അതിദാരുണമായി കൊല്ലപ്പെട്ടത്. ദാമു വ്യാഴാഴ്‌ച പുലര്‍ച്ചെയിറങ്ങിയ കാട്ടാനയുടെ മുമ്പില്‍ അകപ്പെടുകയായിരുന്നു. നിലത്തുവീണ ഇയാളെ കാട്ടാന ചവുട്ടി കൊന്നതായാണ് പ്രദേശവാസികള്‍ പറയുന്നത്.

ഇതിനിടെ ആറളം ഫാമില്‍ സെക്യൂരിറ്റി ജീവനക്കാരൻ്റെ ഇരുചക്രവാഹനവും പുലര്‍ച്ചെ അഞ്ചുമണിയോടെ ഇറങ്ങിയ കാട്ടാന തകര്‍ത്തിട്ടുണ്ട്. സെക്യൂരിറ്റി ജീവനക്കാരന്‍ സതീഷ് നാരായണൻ്റെ വാഹനമാണ് കാട്ടാന തകര്‍ത്തത്. ആനയുടെ മുമ്പില്‍പ്പെട്ട സതീഷ് അൽഭുതകരമായി രക്ഷപ്പെടുകയായിരുന്നു.

ഇവിടെ നിര്‍ത്തിയിട്ട ഇരുചക്രവാഹനം തുമ്പിക്കൈക്കൊണ്ട് എടുത്ത് പൊക്കി റോഡിലേക്ക് എറിഞ്ഞ് തിരികെ കാട്ടിലേക്ക് പോവുകയായിരുന്നു. ഇതിനിടെയാണ് ദാമു വിറക് ശേഖരിക്കാനായി പോകവേ കാട്ടാനയുടെ മുമ്പില്‍ പെട്ടതെന്ന് സംശയിക്കുന്നു. വനംവകുപ്പ് ഉദ്യോഗസ്‌ഥർ കാട്ടാനകളെ പ്രദേശത്ത് നിന്നും തുരത്താൻ ശ്രമിക്കുകയാണ്. നിലവിൽ കണ്ണൂരിലെ മലയോര മേഖലകളിൽ കാട്ടാനശല്യം രൂക്ഷമായി തുടരുകയാണ്. സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്.
